സിപിഎമ്മിനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. ആകാശ് തില്ലങ്കേരി വിഷയം ചർച്ച ചെയ്യാൻ പാർട്ടി അടിയന്തിര നേതൃയോഗം വരെ വിളിച്ചു. എം വി ജയരാജൻ ഉൾപെടെയുള്ള നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ആകാശിനെതിരെയുള്ള പാര്‍ട്ടിയുടെ നീക്കങ്ങളാണ് ഇനി അറിയേണ്ടത്. കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്, ശശി തരൂരും രാഹുലും, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടിയടക്കം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ അറിയാം.

1. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരി ഉൾപെടെ മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു. ആകാശ് നേരിട്ട് കോടതിയിൽ ഹാജരായി. ആകാശ് തില്ലങ്കേരിക്ക് പുറമേ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവരെ എന്ന് ഉച്ചയോടെ പൊലീസ് പിടികൂടിയിരുന്നു. മന്ത്രി എം ബി രാജേഷിന്‍റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മിയാണ് പരാതിക്കാരി. അനൂപിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലാണ് ആകാശ്. 

2. സ്വകാര്യ ബസുകളിൽ ക്യാമറ വെക്കണമെന്ന നിർദേശം അപ്രായോഗികം; സർവ്വീസുകൾ നിർത്തിവെക്കുമെന്ന് ബസുടമകൾ

സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ, റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് ക്യാമറ വാങ്ങി നൽകണം എന്നാണ് ബസുടമകളുടെ ആവശ്യം. നേരത്തെ, പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും എന്നായിരുന്ന സർക്കാർ പറഞ്ഞിരുന്നത്. അതോടൊപ്പം ക്യാമറ ഘടിപ്പിക്കൽ, ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

3. കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ്;'സാമ്പത്തിക ഇടപാട് നടന്നു', ജാമ്യം ലഭിച്ച ശേഷം എല്ലാം പറയും, പ്രതി അനിൽ കുമാർ പിടിയിൽ

കളമശ്ശേരി വ്യാജജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ സാമ്പത്തിക ഇടപാടുണ്ടായെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാര്‍ സര്‍ട്ടിഫിക്കറ്റിനായി പണം നല്‍കിയെന്നാണ് അനില്‍കുമാറിന്‍റെ മൊഴി. ജാമ്യം ലഭിച്ച ശേഷം എല്ലാകാര്യങ്ങളും തുറന്നുപറയുമെന്നും അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മധുരയില്‍ ഒളിവിലിരിക്കെയാണ് കേസിലെ പ്രധാനപ്രതിയും കളമശ്ശേരി മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റുമായ അനിൽ കുമാറിനെ അന്വേഷണ സംഘം പിടികൂടിയത്.

4. ഇനി ഷഹാനയ്ക്കൊപ്പം കൈ പിടിക്കാനില്ല; പ്രണവിനെ മരണം കവര്‍ന്നെടുത്തു

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവശനായിരുന്ന പ്രണവിനെ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള അടുപ്പം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.

5. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; തത്കാലം ആശുപത്രി വിടും, ബെംഗളൂരുവിൽ തുടരും

കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കാൻ വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യും. ഈ സാഹചര്യത്തിൽ തത്കാലം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബെംഗളൂരുവിൽ തന്നെ തുടരാനാണ് തീരുമാനം.

6. തരൂരിനെ പ്രവര്‍ത്തക സമിതിയിലുള്‍പ്പെടുത്തുമോ ? നിര്‍ണായകമാകുക രാഹുല്‍ ഗാന്ധിയുടെ നിലപാട് 

ശശി തരൂരിനെ പ്രവര്‍ത്തക സമിതിയിലുള്‍പ്പെടുത്തുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും. മത്സരിക്കുന്നില്ലെന്ന് തരൂര്‍ വ്യക്തമാക്കിയെങ്കിലും പ്രവര്‍ത്തക സമിതിയിലെടുക്കണോയെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പോരിന്‍റെ തുടര്‍ച്ചയെന്നോണം പ്രവര്‍ത്തക സമിതിയിലേക്ക് അശോക് ഗലോട്ടിനൊപ്പം സച്ചിന്‍ പൈലറ്റും അവകാശവാദമുന്നയിച്ചു.

7. ബിബിസിക്കെതിരായ ആദായനികുതി വകുപ്പിന്‍റെ നടപടികൾ തുടരും, മൂന്ന് ദിവസം നീണ്ട സർവേ തുടക്കം മാത്രം

ബിബിസിക്കെതിരായ ആദായനികുതി വകുപ്പിന്‍റെ നടപടികൾ തുടരും. മൂന്ന് ദിവസം നീണ്ട സർവേ തുടക്കം മാത്രമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരിശോധന നിയമപ്രകാരമാണെന്നും ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതിവകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങളിലൂടെ ലഭിച്ച ലാഭം അനധികൃതമായി ബിബിസി വിദേശത്തേക്ക് കടത്തിയെന്ന പരാതിയിൽ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിൽ നടന്ന 60 മണിക്കൂറോളം നീണ്ട മാരത്തൺ പരിശോധന തുടക്കം മാത്രമാണെന്ന് സര്‍ക്കാര്‍.

8. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി, മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് അറിയിച്ചു. പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. 

9. പശുക്കടത്ത് ആരോപണം: രണ്ട് യുവാക്കളെ ചുട്ടുകൊന്നു; പരാതിയിൽ ബജ്റം​ഗ്ദൾ പ്രവർത്തകർക്കെതിരെ കേസ് 

രാജസ്ഥാനിൽ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറ് ബജ്റം​ഗ്ദൾ പ്രവർത്തർക്കെതിരെ കേസ്. പശുക്കടത്ത് ആരോപിച്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയവർ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് കുടുംബാം​ഗങ്ങൾ പരാതി നൽകി. ഹരിയാനയിലെ ഭിവാനി ജില്ലയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ പഹാരി തഹസിൽ ഘട്മീക ഗ്രാമ വാസികളായ നസീർ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

10. റെഡ് ക്രസന്റ് സർക്കാരിന് നൽകിയ കത്ത് രൂപരേഖയും ശിവശങ്കറിന്റേത്: സ്വപ്നയുമായുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്

എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്തുവന്നു. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കർ ഉപദേശിക്കുന്നത്. റെഡ് ക്രസൻറ് സർക്കാരിന് നൽകേണ്ട കത്തിൻറെ രൂപരേഖയും ശിവശങ്കർതന്നെ നൽകി. കോൺസുലേറ്റിൻറെ കത്തുകൂടി ചേർത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും നിർദ്ദേശിച്ചു. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കർ ആവശ്യപ്പെട്ടതായും ചാറ്റിലുണ്ട്.