Asianet News MalayalamAsianet News Malayalam

16 കോടി ആര്‍ക്ക് ? ഡിവൈഎസ്പിമാരുടെ ഗുണ്ടാ ബന്ധം, വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് നടുറോഡില്‍ ആക്രമണം- 10 വാര്‍ത്ത

ഗുണ്ടാ ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്‍ഷന്‍,  കെവി തോമസിന് ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനവും പാലയിലെ കേരള കോണ്‍ഗ്രസ് പോരുമടക്കം ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍ അറിയാം.

todays top ten news 19-1-2023
Author
First Published Jan 19, 2023, 6:24 PM IST

തിരുവനന്തപുരം : രാജ്യ തലസ്ഥാനത്ത്  വനിത കമ്മീഷൻ അധ്യക്ഷക്ക് നേരെനടന്ന അതിക്രമം  ഞെട്ടലോടെയാണ് കേട്ടത്. ദില്ലിയിൽ വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിരെയാണ് കാറിലെത്തിയ യുവാവ് ആക്രമിച്ചത്. രാത്രിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കാൻ പോയപ്പോഴാണ്  വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ അതിക്രമം നടന്നത്. രാജ്യത്താകമാനം ചര്‍ച്ചയായ പ്രധാന വാര്‍ത്തകളിലൊന്നാണ് നിത കമ്മീഷൻ അധ്യക്ഷക്ക് നേരെ നടന്ന ആക്രമണം.

സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നതയില്‍ ദേശീയ നേതൃത്വത്തെ നിലപാടറിയിക്കാന്‍ ശശി തരൂര്‍ രംഗത്തെത്തിയതാണ് കേരളരാഷ്ട്രീയത്തിലെ പ്രധാന വാര്‍ത്ത. ക്രിസ്മസ് ബംബര്‍ നറുക്കെപ്പില്‍ ഒന്നാം സമ്മാനമായ 16 കോടി  ലഭിച്ച അജ്ഞാതനെ തേടുകയാണ് കേരളം. ഗുണ്ടാ ബന്ധമുണ്ടെന്ന് കണ്ടെത്തിയ  രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചതാണ് മറ്റൊരു പ്രധാന വാര്‍ത്ത. കെവി തോമസിന് ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനവും പാലയിലെ കേരള കോണ്‍ഗ്രസ് പോരുമടക്കം ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍ അറിയാം.

ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം, 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു

ദില്ലിയിൽ വനിത കമ്മീഷൻ അധ്യക്ഷക്ക് നേരെ അതിക്രമം. പുലര്‍ച്ചെ മൂന്നേക്കാലോടെയാണ് സംഭവം. രാത്രിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കാൻ പോയപ്പോഴാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. കാറിലെത്തിയ ഹരീഷ് ചന്ദ്ര എന്ന ആളാണ് സ്വാതി മലിവാളിനെതിരെ അതിക്രമം നടത്തിയത്. ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ കാറിൽ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു. ദില്ലിയിലെ എയിംസ് പരിസരത്താണ് സംഭവം ഉണ്ടായത്ത്. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്റിൽ ചോദിച്ചു. 

'അടിച്ചു മോളേ..'; 16 കോടി ഈ നമ്പറിന്, ക്രിസ്മസ് ബംപര്‍ ഫലം അറിയാം

സംസ്ഥാന സർക്കാറിന്‍റെ ക്രിസ്മസ്- ന്യു ഇയർ ബംപർ BR 89 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 16 കോടിയാണ് ഒന്നാം സമ്മാനം. XD 236433 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.ഈ ഭാഗ്യശാലയെ തേടുകയാണ് കേരളം. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്കും മൂന്നാം സമ്മാനമായി ഒരു ലക്ഷം വീതം 20 പേർക്കും ലഭിക്കും.   ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഗുണ്ടാ ബന്ധം: തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്‍ഷന്‍

ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്ക് സസ്പെൻഷൻ.കെ.ജെ.ജോൺസൺ,പ്രസാദ് എന്നിവർക്കാണ് സസ്പെൻഷൻ.ഷാരോൺ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജോൺസൺ തീരുവന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ്.എം. പ്രസാദ് വിജിലിൻസ് ഡിവൈഎസ്പിയാണ്. ഗുണ്ടകളായ നിധിനും രജ്ഞിത്തും  തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കാൻ മധ്യസ്ഥത നിന്നുവെന്നും ഗുണ്ടകള്‍ സംഘടിപ്പിക്കുന്ന മദ്യപാന പാര്‍ട്ടികളില്‍ സ്ഥിരം പങ്കെടുക്കുമായിരുന്നുവെന്ന ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി. 

കെ വി തോമസിന് ക്യാബിനറ്റ് റാങ്കോടെ നിയമനം, ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി

മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ദില്ലിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം. ക്യാബിനറ്റ് പദവിയോടെയുള്ള നിയമനത്തിന് തീരുമാനമെടുത്തത് മന്ത്രിസഭായോഗമാണ്. അച്ചടക്ക ലംഘനത്തിന് കോൺഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി. സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോൺഗ്രസും തോമസും തമ്മിലെ അകൽച്ച വർദ്ധിച്ചത്.  തൃക്കാക്കരയിലെ ഇടതിന്‍റെ വമ്പൻ തോൽവിയും തോമസിന്‍റെ പദവി നീണ്ടുപോകുന്നതും ഉന്നയിച്ച് തോമസിനെതിരെ കോൺഗ്രസ് നിരയിൽ നിന്നുയർന്നത് വലിയ പരിഹാസമായിരുന്നു. ഒടുവിലാണിപ്പോൾ ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം. നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്. 

'മോഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല' ജോസ് കെ മാണിക്ക് ബിനു പുളിക്കക്കണ്ടത്തിന്‍റെ തുറന്ന കത്ത്

നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം  ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിക്ക് തുറന്ന കത്തുമായി സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം രംഗത്ത്.'മോഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല' എന്ന തലക്കെട്ടോടെയാണ് കത്ത്. പാലാ നഗരസഭ അധ്യക്ഷ തർക്കത്തിൽ വാശി പിടിക്കരുതെന്ന് ജോസ് കെ മാണിയോട് സി പി എം. ബിനു പുളിക്കക്കണ്ടത്തിനായി സി പി എം സംസ്ഥാന നേതൃത്വം തന്നെ രംഗത്തുവന്നിരുന്നു. ബിനു പുളിക്കക്കണ്ടത്തിനെതിരായ നിലപാടിൽ നിന്ന് പിന്തിരിയണമെന്ന് കേരള കോൺഗ്രസിനോട് സി പി എം  സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

പിന്മാറാതെ തരൂര്‍: സോണിയയെും ഖര്‍ഗെയെയും കാണും, ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നും തീരുമാനം

സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നതയില്‍ ദേശീയ നേതൃത്വത്തെ നിലപാടറിയിക്കാന്‍ ശശി തരൂര്‍. സര്‍വ്വ പ്രശ്നങ്ങള്‍ക്കും കാരണക്കാരന്‍ തരൂരെന്നാണ് സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ച പരാതിയിലെ പൊതുവികാരം. തരൂരിന് ജാഗ്രതക്കുറവുണ്ടായെന്നാണ് കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വറും നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് സോണിയ ഗാന്ധിയേയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും കണ്ട് തനിക്ക് പറയാനുള്ളത് തരൂര്‍ വ്യക്തമാക്കും

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആ‍‍ർഡെൻ രാജിവയ്ക്കും , 'ഒരു തെരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജമില്ല'

അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആ‍‍ർഡെൻ. അടുത്ത മാസം ഏഴിന് രാജിവയ്ക്കും. ഒരു തെരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജം ഇല്ലെന്ന് ജസീന്ത വ്യക്തമാക്കി . പടിയിറക്കം കാലാവധി തീരാൻ പത്തുമാസം ശേഷിക്കെയാണ്. അടുത്ത മാസം 7ന് ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. ഒക്ടോബർ 14നാണ് ന്യൂസിലാൻഡിൽ പൊതു തെരഞ്ഞെടുപ്പ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസീന്ത ആ‍‍ർഡെൻ വ്യക്തമാക്കി.

'കടം വാങ്ങുക, ധൂർത്തടിക്കുക; പിണറായി സർക്കാരിന്റെ നയം അഴിമതിയും ധൂർത്തും': വിമർശിച്ച് സുരേന്ദ്രൻ

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയിലും ഇടത് സർക്കാർ കടംവാങ്ങി ധൂർത്തടിക്കുകയാണെന്ന് സുരേന്ദ്രൻ വിമർശിച്ചു. അഴിമതിയും ധൂർത്തും അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകുന്നില്ല. കടം വാങ്ങുക, ആ പണം  ധൂർത്തടിക്കുകയെന്നതാണ് ഇടത് സർക്കാർ നയം. ബജറ്റിൽ നികുതി ഭാരം അടിച്ചേൽപിക്കാൻ ശ്രമം നടക്കുന്നതായും സുരേന്ദ്രൻ തുറന്നടിച്ചു.

73ാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ പാസ്സായി നടി ലീന ആന്റണി; അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി

73ാമത്തെ വയസ്സിൽ പത്താം ക്ലാസ് പരീക്ഷ പാസ്സായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സാക്ഷരതാ മിഷന്റെ തുല്യത കോഴ്സിലൂടെയുള്ള തുടർപഠന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ലീന ആന്റണി പത്താം തരം പരീക്ഷയെഴുതി പാസ്സായത്. ഈ സൗകര്യത്തിലൂടെ പരീക്ഷയെഴുതി പാസ്സായ എല്ലാവർക്കും മന്ത്രി അഭിന്ദനം അറിയിച്ചു.

ആർത്തവാവധിയും പ്രസവാവധിയും എല്ലാ സർവകലാശാലകളിലും; ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios