Asianet News MalayalamAsianet News Malayalam

പന്നിയങ്കര കടക്കാൻ പാടുപെടും, കോടതി വിധി അനുകൂലമായതോടെ ടോൾ പ്ലാസയിൽ നിരക്ക് കൂട്ടാൻ കരാർ കമ്പനി

രണ്ട് ദിവസത്തിനടക്കം പുതിയ നിരക്ക് ഈടാക്കുമെന്ന് ടോൾ പ്ലാസ, വാഹനങ്ങൾക്ക് 10 രൂപ മുതൽ 40 രൂപ വരെ അധികം നൽകേണ്ടി വരും


 
Toll fee will go up in Panniyankara toll plaza, says Company
Author
Palakkad, First Published Jul 2, 2022, 8:59 AM IST

പാലക്കാട്: തൃശ്ശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് കൂടും. വർധിപ്പിച്ച നിരക്ക് ഈടാക്കുന്നത് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കരാർ കമ്പനി നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി. കോടതി വിധി അനുകൂലമായതോടെ രണ്ട് ദിവസത്തിനകം കൂടിയ നിരക്ക് ഈടാക്കി തുടങ്ങുമെന്ന് ടോൾ പ്ലാസ അധികൃതർ അറിയിച്ചു. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നാൽ വാഹനങ്ങൾ 10 മുതൽ 40 രൂപ വരെ ഒരു ട്രിപ്പിന് അധികം നൽകേണ്ടി വരും. കാർ, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് യാത്ര ചെയ്യാൻ 100 രൂപ നൽകേണ്ടി വരും. റിട്ടേൺ ഉൾപ്പെടെ 150 രൂപയാകും പുതിയ നിരക്ക്. നേരത്തെ യഥാക്രമം 90ഉം 135ഉം ആണ് ഈടാക്കിയിരുന്നത്. ബസുകളുടെ ടോൾനിരക്ക് സിംഗിൾ യാത്രയ്ക്ക് 310 രൂപയാകും. ഇരുവശത്തേക്കും കടന്നുപോകാൻ 465 രൂപ നൽകേണ്ടി വരും എന്ന നിലവിൽ ഒരു വശത്തേക്ക് 280ഉം, ഇരുഭാഗങ്ങളിലേക്കുമായി 425ഉം ആണ് ഈടാക്കുന്നത്. 

2022 മാർച്ച് 9ന് ടോൾ പിരിവ് തുടങ്ങിയ പന്നിയങ്കരയിൽ ഏപ്രിലിൽ കമ്പനി നിരക്ക് കൂട്ടിയിരുന്നു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് കൂടുതൽ നിരക്ക് ഈടാക്കുന്നത് തടഞ്ഞത്. ഈ നിർദേശം നടപ്പിലാക്കുന്നത് കമ്പനി വൈകിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ മാസം പഴയ നിരക്കിലേക്ക് മടങ്ങിയിരുന്നു. പന്നിയങ്കരയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നതിനെതിരെ നേരത്തെ സ്വകാര്യ ബസുകൾ രംഗത്തെത്തിയിരുന്നു. വൻ തുക നൽകി കടന്നുപോകുന്നത് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നായിരുന്നു ബസ്സുടമകളുടെ വാദം. പണിമുടക്കിയും പ്ലാസയുടെ അപ്പുറത്തും ഇപ്പുറത്തും സർവീസ് അവസാനിപ്പിച്ചും പ്രതിഷേധം ശക്തമായിരുന്നു.

 

Follow Us:
Download App:
  • android
  • ios