Asianet News MalayalamAsianet News Malayalam

അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു, 3 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു; വടക്ക് ദുരിതം വിതച്ച് കനത്തമഴ

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 3 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇതിനകം അവധി പ്രഖ്യാപിച്ചത്

Tomorrow holiday Educational institution 3 districts kerala heavy rain alert 23 July latets news asd
Author
First Published Jul 23, 2023, 10:16 PM IST

കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത  മഴയില്‍ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളിൽ മരം വീണതടക്കമുള്ള അപകടങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. അതിനിടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 3 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇതിനകം അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗനവാടി, സിബിഎസ്ഇ - ഐസിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്നാണ് ജില്ലാ കളക്ടര്‍മാർ അറിയിച്ചിട്ടുള്ളത്. കോഴിക്കോട് മുതല്‍ കാസര്‍ക്കോട് വരെയുള്ള അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.

വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം

വടക്കന്‍ ജില്ലകളില്‍ പെയ്ത കനത്ത  മഴയില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട്  മരം വീണ്  മൂന്ന്  വീടുകള്‍ ഭാഗികമായി തകര്‍ന്നു. കണ്ണൂരില്‍ നിര്‍മ്മാണത്തിലിരുന്ന ഇരു നില വീട് നിലം പൊത്തി. മലപ്പുറത്തും കുറ്റ്യാടിയിലും കിണര്‍ ഇടിഞ്ഞുതാഴ്ന്നു.  വയനാട്ടില്‍ പേര്യാ പുഴ കര കവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും ചെറുമോതും മരം വീണ് മൂന്ന്  വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാരശ്ശേരി വല്ലത്തായി പാറ പാലം വെള്ളത്തിനടിയിലായി. കാസർകോട്, മൊഗ്രാല്‍പുഴയിലേയും നീലേശ്വരം പുഴയിലേയും ,കാര്യങ്കോട് പുഴയിലേയും ജലനിരപ്പ് അപകട നില കടന്നതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

ഓറഞ്ച് അലർട്ട്

23-07-2023: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

23-07-2023 : ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം
24-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
25-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
26-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
27-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios