ത്രിപുരയിൽ മികച്ച പോളിങ്, 'കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി, മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്- 10 വാർത്ത

1- 'കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മാർച്ച് മുപ്പതിനുളളിൽ ഒരു ലക്ഷം രൂപ വീതം നൽകണം' ഹൈക്കോടതി

വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആര്‍ടിസി മുന്നോട്ട് വച്ച നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.1 ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് വാദമാണ് കോടതി അംഗീകരിച്ചത്.: ബാക്കി ഉള്ള തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നൽകും എന്ന് കെ എസ് ആർടിസി ഹൈക്കോടതിയെ അറിയിച്ചു.വിരമിച്ചവര്‍ക്ക് ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച കോടതി, ഇടപെടാതെ ഇരിക്കാൻ ആകില്ല എന്ന് വ്യക്തമാക്കി

2-'കുടുംബത്തിന്‌ നീതി ഉറപ്പാക്കണം': ആദിവാസി യുവാവിന്‍റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് രാഹുലിന്‍റെ കത്ത്

ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി എംപി കത്ത് അയച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന്‌ നീതി ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

3- ബാലറ്റ് ബോക്സ് കേസ്: കോടതിയിൽ പൂ‍ര്‍ണ വിശ്വാസം, കൃത്രിമം നടന്നത് രജിസ്ട്രാർ ഓഫീസിൽ നിന്നെന്ന് നജീബ് കാന്തപുരം

പെരിന്തൽമണ്ണ ബാലറ്റ് ബോക്സ് കേസിൽ എല്ലാ തരത്തിലുമുള്ള അട്ടിമറി നടന്നെന്ന് നജീബ് കാന്തപുരം. പെട്ടി തന്നെ മാറിയിട്ടാണ് കോടതിയിൽ എത്തിയത്. രണ്ട് തരം പെട്ടികളാണ് കോടതിയിൽ എത്തിയത്. കോടതിയിൽ ഒരു എക്സ്ട്രാ കവർ കൂടി എത്തി

4- 'വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിത്തരണം'; ഉണ്ണി മുകുന്ദൻ ഹൈക്കോടതിൽ

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. അടുത്ത മാസം തുടങ്ങാൻ നിശ്ചയിച്ച വിസ്താരം ഏപ്രിലിലേക്ക് മാറ്റണമെന്നും നടൻ ആവശ്യപ്പെട്ടു.

5- കണ്ണൂരിലെ എട്ടാം ക്ലാസ്സുകാരിയുടെ ആത്മഹത്യ: അധ്യാപക‍ര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കണ്ണൂരിൽ എട്ടാംക്ലാസുകാരി റിയ പ്രവീൺ ജീവനൊടുക്കിയ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ആത്മഹത്യ കുറിപ്പിൽ പേരുള്ള റിയയുടെ ക്ലാസ് ടീച്ചർ ഷോജ,കായിക അധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് കേസ്.

6- കണ്ണൂരിൽ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം, വാഹനങ്ങൾ കത്തിനശിച്ചു

കുറുമാത്തൂർ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം. വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ തീപിടിച്ച് നശിച്ചത്. തീ പടർന്ന് പിടിച്ചതോടെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

7- 'ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്നങ്ങൾ വഷളാക്കിയത് നിങ്ങൾ, വിതച്ചതേ കൊയ്യൂ': ആകാശ് തില്ലങ്കേരി

വീണ്ടും മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി. തനിക്കെതിരെ നിലപാടെടുക്കുന്ന ഡിവൈഎഫ്ഐ നേതാവിനാണ് മുന്നറിയിപ്പ്. വിതച്ചതേ കൊയ്യൂ എന്ന് ഡിവൈഎഫ്ഐ നേതാവ് രാഗിന്ദിനോട് ആകാശ് പറഞ്ഞു. ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്നങ്ങൾ വഷളാക്കിയത് നിങ്ങളാണ്.

8- കെഎസ്ആര്‍ടിസിയില്‍ മോദിയുടെ നയമാണ് ഗതാഗതമന്ത്രിക്കെന്ന് എഐടിയുസി, മറുപടി നൽകുന്നില്ലെന്ന് ആന്‍റണി രാജു

കെഎസ്ആര്‍ടിസിയിൽ ശമ്പളത്തിന് ടാർജറ്റ് നിശ്ചയിച്ച മാനേജ്മെന്‍റ് നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എഐടിയുസി രംഗത്ത്.നിയമ വിരുദ്ധവും അശാസ്ത്രീയവുമാണിത്.രാജ്യത്ത് നിലവിലുള്ള ഒരു നിയമവും ഇതിന് അനുവാദം നൽന്നില്ല.നടപ്പാക്കാൻ പറ്റാത്തതെങ്കിലും,ഒരു ഇടതു സർക്കാരിന്‍റെ കാലത്ത് തന്നെ ഇങ്ങനെ ഒക്കെ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്നത് അപകട സൂചനയാണ്.

9- തെരഞ്ഞെടുപ്പ് വേണം, കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ല, മറ്റുള്ളവ‍ര്‍ വരട്ടെയെന്നും തരൂർ

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂ‍ർ എം പി. പാർട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അഭിലഷണീയമാണ്. ഇതേ കുറിച്ച് താൻ നേതൃത്വത്തിന് പറഞ്ഞ് കൊടുക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു.

10- ത്രിപുരയിൽ വോട്ടെടുപ്പ് അവസാനിച്ചു, രേഖപ്പെടുത്തിയത് മികച്ച പോളിങ്, ചിലയിടങ്ങളിൽ സംഘ‍ർഷം

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഔദ്യോഗിക വോട്ടിംഗ് ശതമാനം അവസാനിച്ചപ്പോൾ നാലുമണിവരെ ത്രിപുരയിൽ 81 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ സംഘ‍ർഷമുണ്ടായി. ഇതിനിടെ പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍ താനുമായി സംസാരിച്ചെന്ന് തിപ്ര മോത പാർട്ടി അദ്ധ്യക്ഷൻ പ്രത്യുദ് ദേബ് ബർമൻ വെളിപ്പെടുത്തി.