നട്ടെല്ലും വാഴപ്പിണ്ടിയും ചര്‍ച്ച, പാര്‍ലമെന്റിൽ മറുപടിയെന്ന് രാഹുൽ, സ്വപ്നയുടെ വക്കീൽ നോട്ടീസ്- 10- വാര്‍ത്ത 

1- 'കള്ളക്കേസെടുത്ത് തളര്‍ത്താനാകില്ല, ജനവിരുദ്ധ സര്‍ക്കാരിനെതിരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംഎൽഎമാർ

നിയമസഭയിലെ സംഘര്‍ഷത്തിൽ എംഎൽഎമാർക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനം. എംഎല്‍എമാരായ അനൂപ് ജേക്കബ്, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ഐ സി. ബാലകൃഷ്ണന്‍, പി.കെ. ബഷീര്‍, കെ.കെ. രമ, ഉമ തോമസ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

2-രാജ്യത്തെ അപമാനിച്ചെന്ന ബിജെപി ആരോപണം: പാർലമെന്റിൽ മറുപടി നൽകുമെന്ന് രാഹുൽ, പ്രധാനമന്ത്രിക്ക് വിമർശനം

വിദേശത്ത് വെച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെപി ഉയർത്തുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ശക്തമാണെങ്കിൽ തന്നെ പാർലമെൻറിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി ഭരണപക്ഷത്തെ വെല്ലുവിളിച്ചു. ലണ്ടനിൽ നടത്തിയ പ്രസ്താവനയിൽ സഭയ്ക്കകത്ത് വിശദീകരണം നല്കാൻ തയ്യാറെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

3- അന്വേഷണ ഉദ്യോ​ഗസ്ഥരുടെയും അഭിഭാഷകരുടെയും അശ്രദ്ധക്കെതിരെ ഹൈക്കോടതി; പ്രതികൾക്ക് സഹായകരമെന്ന് വിമര്‍ശനം

അന്വേഷണ ഉദ്യോഗസ്ഥരുടെയും സർക്കാർ അഭിഭാഷകരുടെയും അശ്രദ്ധ പലപ്പോഴും പ്രതികൾക്ക് സഹായകരമാകുന്നുവെന്ന് ഹൈക്കോടതി. എൻഡിപിഎസ് നിയമപ്രകാരം കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം

4- സൈനിക ഹെലികോപ്റ്റർ അപകടം: രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരണം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയില് വച്ചാണ് അപകടമുണ്ടായത്.

5-കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം; പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികൾ, ശ്രീനഗർ സന്ദര്‍ശനം ഉടൻ

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും വിവിധ ദേശീയ പാർട്ടി നേതാക്കൾ. ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്ത് ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

6- ബഫർ സോണിൽ കേരളത്തിന് പ്രതീക്ഷ, ഉത്തരവിൽ ഭേദഗതിക്ക് സാധ്യത

ബഫർസോൺ ഹർജികളിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. വിധിയിൽ ഭേദഗതി വരുത്തിയാൽ കേരളത്തിലടക്കം ആശങ്കകൾ തീരില്ലെ എന്ന് കോടതി ചോദിച്ചു. കരട്, അന്തിമ വിജ്ഞാപനങ്ങളായവയ്ക്ക് ഇളവോടെ ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ കേരളത്തിൻ്റെ ആശങ്ക തീരില്ലെന്നാണ് വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചത്.

7- 'നിന്ദ്യവും അപകീർത്തിപരവുമായ കമന്‍റ്, മാപ്പ് പറയണം'; ബിഎൻ ഹസ്കറിന് സ്വപ്ന സുരേഷിന്‍റെ വക്കീൽ നോട്ടീസ്

അപകീര്‍ത്തിപരമായ പ്രതികരണം നടത്തിയെന്നാരോപിച്ച് ഇടത് നിരീക്ഷകനായ അഡ്വ. ബി എന്‍ ഹസ്കറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സ്വപ്ന സുരേഷ്. ഒരാഴ്ചക്കുള്ളിൽ കമന്‍റ് പിൻവലിച്ച് നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ കോടതിയിൽ കേസ് കൊടുക്കുമെന്ന് സ്വപ്ന പറഞ്ഞു.

8- 'സ്വന്തം നട്ടെല്ലും മുഖ്യമന്ത്രിയുടെ നട്ടെല്ലും സ്വപ്നക്ക് പണയം വെച്ചവർ പ്രതിപക്ഷത്തിൻ്റെ കരുത്ത് നോക്കണ്ട'

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ രംഗത്ത്.മന്ത്രി പ്രതിപക്ഷ നേതാവിനെ അടച്ചാക്ഷേപിച്ചു.സ്വന്തം നട്ടെല്ലും കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ നട്ടെല്ലും സ്വപ്നയ്ക്ക് പണയം വെച്ചവർ പ്രതിപക്ഷത്തിൻ്റെ നട്ടെല്ലിൻ്റെ കരുത്ത് നോക്കേണ്ട.കിച്ചൺ ക്യാബിനെറ്റിന്‍റെ ആനുകൂല്യത്തിൽ പദവിയിൽ എത്തിയ ആളല്ല സതീശനെന്ന് ഷാഫി പറഞ്ഞു

9- മഹാരാഷ്ട്രയിലെ അധികാരത്തർക്കം; സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റി

മഹാരാഷ്ട്രയിലെ അധികാരത്തർക്കം വിഷയത്തിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റി. ഒമ്പത് ദിവസം നീണ്ട വാദത്തിന് ശേഷം വിധി പറയാൻ മാറ്റിയത്. വാദത്തിനിടെ മുൻ ഗവർണറുടെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

10- 'വിക്കിപീഡിയ ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്‍തു', ആരോപണവുമായി കങ്കണ

കങ്കണ റണൗട്ടിനെ കുറിച്ചുള്ള വിക്കിപീഡിയ പേജ് ഹൈജാക്ക് ചെയ്യപ്പെട്ടെന്ന് ആരോപണം. കങ്കണ റണൗട് തന്നെയാണ് ഇക്കാര്യത്തില്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിക്കിപീഡിയ പൂര്‍ണമായും ഇടതുപക്ഷക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് കങ്കണ റണൗട് പറയുന്നത്. ജന്മദിനം അടക്കമുള്ള വിവരങ്ങള്‍ തെറ്റായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നാണ് കങ്കണ പറയുന്നത്.