Asianet News MalayalamAsianet News Malayalam

മൂന്നിടങ്ങളിൽ തെരഞ്ഞെടുപ്പ്, യുവതിയെ ഇടിച്ചിട്ട ഡ്രൈവർ പിടിയിൽ, ഇരട്ട സെഞ്ച്വറി നേട്ടവുമായി ഗിൽ- പത്ത് വാർത്ത

ത്രിപുരയടക്കം മൂന്നിടങ്ങളിൽ തെരഞ്ഞെടുപ്പ്, യുവതിയെ ഇടിച്ചിട്ട ഡ്രൈവർ പിടിയിൽ, ഇരട്ട സെഞ്ച്വറി റെക്കോർഡിട്ട് ഗിൽ- പത്ത് വാർത്ത

Top 10 news 18 01 2023
Author
First Published Jan 18, 2023, 6:56 PM IST

1- കാഹളം മുഴങ്ങി, ത്രിപുരയടക്കം മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ്

ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു.

2-കേരളവും ജനങ്ങളും കെസിആറിനൊപ്പം; തെലങ്കാനയിൽ ബിആർഎസ് പരിപാടിയിൽ കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി

കേരളവും ഇവിടത്തെ ജനങ്ങളും കെസിആറിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി കെസി ആറിനെ അഭിനന്ദിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. കേന്ദ്രസർക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്കരായ സംസ്ഥാന മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചതിനുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ.

3-പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനം: സിപിഎം തീരുമാനം നീളുന്നു, നേതൃയോഗങ്ങള്‍ മാറ്റി

പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഇന്ന് വൈകിട്ട് ചേരാൻ നിശ്ചയിച്ച നേതൃയോഗങ്ങൾ മാറ്റി. സിപിഎം ഏരിയാ കമ്മിറ്റി നാളെ രാവിലെ 7.30 ന് യോഗം ചേരും. ഇന്ന് വൈകീട്ട് ചേരാനിരുന്ന എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം നാളെ രാവിലെ 8.30 ന് ചേരുമെന്ന് കൗണ്‍സിലര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചു.

4- 'തമിഴ്നാടിന്‍റ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന് ഉദ്ദേശിച്ചിട്ടില്ല,പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു'

തമിഴകം വിവാദത്തിൽ നിന്ന് പിന്മാറി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. തമിഴ്നാടിന്‍റെ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ഗവർണർ വാർത്താകുറിപ്പിറക്കി.

5- കോട്ടയത്ത് കാൽനടയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച കാറിന്‍റെ ഡ്രൈവർ അറസ്റ്റിൽ

കോട്ടയം പാലായിൽ കാൽനട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൂഞ്ഞാർ തെക്കേക്കര സ്വദേശി നോർബർട്ട് ജോർജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. വിമുക്തഭടനായ നോർബർട്ട് പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്. കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

6- വെടിച്ചില്ല് ഗില്‍, വെടിക്കെട്ട് ഇരട്ട സെഞ്ചുറി; ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍

ഇഷാന്‍ കിഷന്‍റെ ഡബിളിന്‍റെ ചൂടാറിയിട്ടില്ല, അതിന് മുന്നേ ഇരട്ട സെഞ്ചുറിയുമായി ശുഭ്‌മാന്‍ ഗില്‍! ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും ഗാലറിയിലെത്തിച്ച് ഗില്‍ 200 തികച്ചപ്പോള്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തെ ത്രസിപ്പിച്ച് ഗില്ലാടിയ മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സ് നേടി

7-  ഭാരത് ജോഡോ യാത്രയിൽ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം

കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം എം പി. ഇന്ത്യ എന്ന ആശയത്തിന്‍റെ രക്ഷക്ക് വേണ്ടിയുള്ള നീക്കമാണ് ഭാരത് ജോ‍ഡോ യാത്രയെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. മല്ലികാർജ്ജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയും അയച്ച കത്ത് പരിഗണിച്ചാണ് തീരുമാനമെന്നും ബിനോയ് വിശ്വം ദില്ലിയില്‍ പറഞ്ഞു.

8- കളമശ്ശേരി സുനാമി ഇറച്ചി : പിടിച്ചെടുത്ത ബില്ലുകളിൽ പേരുള്ള 49 ഹോട്ടലുകളുടെ ലിസ്റ്റ് പുറത്ത്

കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഥലത്ത് പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാൽ ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ പുറത്ത് വിട്ടിരുന്നില്ല. പ്രതിപക്ഷത്തിന്റെയും ഡിവൈഎഫ്ഐയുടേയും പ്രതിഷേധത്തിന് പിന്നാലെ ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്ത് വിട്ടു. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

9- രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: പ്രതികളുടെ അഭിഭാഷകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ആലപ്പുഴയിലെ ബിജെപി നേതാേവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. കേസിന്‍റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കണം. പൊലീസിനെ വിന്യസിക്കണമെന്നുമാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദേശം.

10- 'യുദ്ധക്കളത്തിലെ ധീരമുഖം'; യുക്രൈൻ ആഭ്യന്തരമന്ത്രിയടക്കം 18 പേർ ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടു

യുക്രൈനിലെ കീവിൽ ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേർ കൊല്ലപ്പെട്ടു. ഒരു ശിശു പരിപാലന കേന്ദ്രത്തിനു സമീപമാണ് കോപ്റ്റർ തകർന്നു വീണത്. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. അപകട കാരണം വ്യക്തമായിട്ടില്ല.
 

Follow Us:
Download App:
  • android
  • ios