ബഫർ സോണിൽ ഉന്നതതലയോഗം, സർക്കാറിന് ഹൈക്കോടതിയുടെ വിമർശനം, കപ്പെടുത്ത അർജന്റൈൻ ആരവം, അറിയാം ഇന്നത്തെ 10 വാർത്തകൾ
1- ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചർച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നമുണ്ടായാലും അതിനെ പർവതീകരിക്കുകയാണ്. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. ബഫര്‍സോണ്‍ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച തുടങ്ങിയ വിഷയമാണ്. എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സര്‍ക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
2- പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി
പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഭാരവാഹികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനം ഉണ്ടായത്. കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിനോട് അനാദരവ് കാട്ടുന്നു, റവന്യൂ റിക്കവറി നടപടികൾക്ക് കൂടുതൽ സമയം വേണമെന്നത് അസ്വീകാര്യം, സംസ്ഥാന സർക്കാരിന്റെ മെല്ലപ്പോക്ക് അലംഭാവമാണ് എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
3- തായ്ലാൻഡ് യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി; കുടുങ്ങിയത് 33 നാവികർ
തായ്‌ലാൻഡ് യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി. 106 പേർ ഉണ്ടായിരുന്ന കപ്പലിൽ നിന്ന് 73 പേരെയും രക്ഷിച്ചു. ഇപ്പോഴും കപ്പലിൽ കുടുങ്ങി കിടക്കുന്ന 33 പേരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തായ്ലാൻഡ് നാവികസേനയുടെ സുഖോ തായി എന്ന യുദ്ധക്കപ്പലാണ് തായ്‌ലൻഡ് ഉൾക്കടലിൽ മുങ്ങിയത്.
അതിർത്തി സംഘർഷത്തെ ചൊല്ലി ഇന്നും പാർലമെന്റിൽ ബഹളം. തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് അംഗങ്ങളാണ് സഭ വിട്ട് ഇറങ്ങിപ്പോയത്.ഇത് അഞ്ചാം ദിവസമാണ് ഇന്ത്യ - ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ശക്തമായ വാക്കേറ്റത്തിനും ബഹളത്തിനും കാരണമാകുന്നത്. പ്രതിപക്ഷത്ത് നിന്ന് ഇന്ന് വിഷയം ഉന്നയിച്ച് രാജ്യസഭയിൽ മനീഷ് തിവാരിയാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞാണ് രാജ്യസഭാധ്യക്ഷൻ നോട്ടീസ് തള്ളിയത്.
5- കർണാടക നിയമസഭയിൽ സവർക്കറിന്റെ ചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ, പ്രതിഷേധം
കർണാടക നിയമസഭയ്ക്കുള്ളിൽ വി.ഡി. സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. വി.ഡി. സവർക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരെ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. കർണാടക നിയമസഭാ മന്ദിരത്തിൽ വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സവർക്കറുടെ ചിത്രം നിയമസഭയിൽ ഉയർത്തുന്നതെന്നും ആരോപണമുയർന്നു.
6- 'വെറുപ്പിന്‍റെ ചന്തയിൽ ഞാന്‍ സ്നേഹത്തിന്‍റെ കട തുറക്കുകയാണ് ' രാഹുല്‍ഗാന്ധി
വെറുപ്പിന്‍റെ ചന്തയിൽ സ്നേഹത്തിൻറെ കട തുറക്കുകയാണ് താനെന്ന് രാഹുൽഗാന്ധി.ഭാരത് ജോഡോ യാത്ര എന്തിനാണ് നടത്തുന്നതെന്ന് വിമർശനത്തിനാണ് മറുപടി.നെഹ്‌റുവും അംബേദ്കറുമെല്ലാം വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നവരാണെന്നും രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ മക്കളെല്ലാം ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നു. സാധാരണക്കാരോട് ഇംഗ്ലീഷ് ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്നു.ഇത് കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ വലിയ സ്വപ്നം കാണാതിരാക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
7-ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞു: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം
ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66),ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ മകനായസമർഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിൻ്റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി.ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
7-'പഠാൻ' വിവാദം: കലാകാരൻ എന്ന നിലയിൽ വലിയ ദുഃഖമെന്ന് പൃഥ്വിരാജ്
ഷാരൂഖ് ഖാൻ- ദീപിക പദുക്കോൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പഠാൻ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഃഖമുണ്ടെന്നാണ് പൃഥ്വി പറഞ്ഞത്. കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിനിടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
9- കേരളത്തോട് കടപ്പെട്ടിരിക്കുന്നു! മലയാളി ആരാധകര്‍ക്ക് നന്ദി അറിയിച്ച് ലിയോണല്‍ മെസിയും സംഘവും
ഖത്തര്‍ ലോകകപ്പിന്റെ ഓളത്തിനൊപ്പമുണ്ടായിരുന്നു കേരളത്തിലേയും ഫുട്‌ബോള്‍ ആരാധകര്‍. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവിധ ടീമുകളെ പിന്തുണച്ച്. ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും ലോകകപ്പ് ഫുട്‌ബോള്‍ ജ്വരത്തിന് കുറവൊന്നും കണ്ടില്ല. ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കില്‍ കേരളം തന്നെയായിരുന്നു ലോകകപ്പ് ഏറ്റെടുത്തവരില്‍ ഒന്നാമത്. അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു കേരളത്തില്‍ ആരാധകര്‍ കൂടുതല്‍. അതുകൊണ്ടുതന്നെ കേരളത്തിന് നന്ദി പറയാനും അര്‍ജന്റീന ടീം മറന്നില്ല. ട്വിറ്ററിലാണ് സെലക്ഷന്‍ അര്‍ജന്റീന കേരളത്തിനൊപ്പം ഇന്ത്യക്കും തങ്ങളുടെ നന്ദി അറിയിച്ചത്. കേരളത്തെ പ്രത്യേകം എഴുതിചേര്‍ത്തിട്ടുണ്ട്. കൂടെ ബംഗ്ലാദേശിനെ ഒരു ഇമോജിയുടെ മെന്‍ഷന്‍ ചെയ്തിരിക്കുന്നു. പാകിസ്ഥാനേയും വിട്ടുപോയില്ല.
10- 'ഗോൾഡൻ ബോളിന് അർഹൻ മെസിയല്ല, അവകാശി മറ്റൊരു താരം'; വിമർശിച്ച് ക്രൊയേഷ്യൻ മോഡൽ
ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ലോകകപ്പ് ക്രൊയേഷ്യ നേടിയാൽ നഗ്നയായി ആഘോഷിക്കുന്നമെന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളും ഇവർ നടത്തിയിരുന്നു. ഇപ്പോൾ ലോകകപ്പിന്റെ പുരസ്കാരങ്ങൾ നൽകിയതിലെ അതൃപ്തി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇവാന. അർജന്റൈൻ നായകൻ ലിയോണൽ മെസി അല്ല ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളിന് അർഹൻ എന്നാണ് ഇവാനയുടെ അഭിപ്രായം. ആ പുരസ്കാരം കിലിയൻ എംബാപ്പെയ്ക്കാണ് ലഭിക്കേണ്ടിയിരുന്നതെന്നും ഇവാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
