വീഴ്ച്ചയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്ന് സ്പീക്കർ എ എൻ ഷംസീറും പി ജയരാജനും പ്രതികരിച്ചു. കൊടി സുനിക്കെതിരെ കേസെടുക്കുന്നതിൽ പി ജയരാജന് മൗനമാണ്.

കണ്ണൂര്‍: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തിൽ കേസെടുക്കാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം നേതൃത്വം. വീഴ്ച്ചയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്ന് സ്പീക്കർ എ എൻ ഷംസീറും പി ജയരാജനും പ്രതികരിച്ചു. അതേസമയം, പരോൾ ഉൾപ്പടെ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ടി പി വധക്കേസ് പ്രതികൾക്കെതിരെ കേസെടുക്കാത്തതെന്ന് എംഎൽഎ കെ കെ രമ ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നായിരുന്നു കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയംഗമായ പി ജയരാജന്‍റെ പ്രതികരണം. എന്നാല്‍, വടിയെടുത്തത് പൊലീസിനെതിരെ മാത്രമാണ്. കൊടി സുനിക്കെതിരെ കേസെടുക്കുന്നതിൽ പി ജയരാജന് മൗനമാണ്. പൊലീസ് സേനക്കാകെ നാണക്കേടായ സംഭവം പുറത്ത് വന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് തലശ്ശേരി എഎസ്പിയും സംഘവും സ്വീകരിച്ചത്. തലശേരിയിൽ വെച്ചുണ്ടായ സംഭവത്തിൽ അത് സർക്കാ‍ർ നടപടി എടുത്തല്ലോ എന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എ എൻ ഷംസീറിന്റെ പ്രതികരണം.

കഴിഞ്ഞ ജൂണ്‍ പതിനേഴാം തീയതി സംഭവം ഉണ്ടായിട്ടും ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരടങ്ങുന്ന സംഘത്തിന് സംരക്ഷണമൊരുക്കുന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഈ വിവാദങ്ങൾക്കിടയിലും ടി പി വധക്കേസിലെ മുഖ്യപ്രതികളിരൊളായ ടി കെ രജീഷിന് പരോൾ അനുവദിച്ചു. പി ജയരാജനടക്കം സിപിഎം നേതാക്കൾ ഉപദേശക സമിതിയായ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ടി കെ രജീഷിനും പരോൾ.

YouTube video player