ടി കെ രജീഷിനാണ് രണ്ട് ദിവസം മുമ്പ് പരോൾ അനുവദിച്ചത്. എറണാകുളം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പരോൾ നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍: വിവാദങ്ങൾക്കിടെ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോൾ അനുവദിച്ചു. ടി കെ രജീഷിനാണ് രണ്ട് ദിവസം മുമ്പ് പരോൾ അനുവദിച്ചത്. എറണാകുളം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പരോൾ നല്‍കിയിരിക്കുന്നത്. കൊടി സുനിയുടെ മദ്യപാനം വിവാദമായതിനിടെയാണ് രജീഷിന് പരോൾ അനുവദിച്ചത്.
തലശ്ശേരി കോടതിയിൽ നിന്ന് മടങ്ങുമ്പോൾ തലശ്ശേരിയിലെ വിക്ടോറിയ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും അടങ്ങുന്ന സംഘം പൊലീസിനെ നോക്കുകുത്തിയാക്കി മദ്യപിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ പ്രതികളുടെ കൂട്ടാളികൾ കാറിൽ മദ്യവുമായി കാത്തുനിൽക്കുകയായിരുന്നു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് തുടങ്ങി ടി പി ചന്ദ്രശേഖരൻ വധക്കേസിലെയും കുറ്റവാളികളാണ് പൊലീസിനെ നോക്കുകുത്തിയാക്കി പരസ്യമായി മദ്യപിച്ചത്. പരാതി ഉയർന്നതോടെ ഹോട്ടലിന്റെ സിസിടിവി ക്യാമറകൾ പരിശോധിച്ച തലശ്ശേരി എഎസ്പി മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർ കുറ്റക്കാരാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ അവരെ സസ്പെൻ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വകുപ്പുതല നടപടി മാത്രമെടുത്ത് സംഭവം ഒതുക്കാനാണ് പൊലീസ് നീക്കം.
വിചാരണയ്ക്കായി കോടതിയിൽ വരുമ്പോൾ എല്ലാം കൊടി സുനിയും സംഘവും പൊലീസിന്റെ കൺമുന്നിൽ വച്ച് സിഗരറ്റ് ഉൾപ്പെടെ ഉപയോഗിക്കാറുണ്ട് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സിപിഎം അനുഭാവികളായ പ്രതികൾക്ക് വേണ്ടി തലശ്ശേരി എഎസ്പിയും സംഘവും കേസ് ഒഴിവാക്കുന്നു എന്നാണ് ആരോപണം. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് കൊടി സുനിയുടെ പരോൾ കഴിഞ്ഞ ദിവസമാണ് റദ്ദ് ചെയ്തത്. ജൂലൈ 17 നടന്ന പരസ്യ മദ്യപാനത്തിൽ പൊലീസ് കേസെടുത്തിരുന്നെങ്കിൽ 21ന് കൊടി സുനിക്ക് പരോൾ പോലും കിട്ടില്ലായിരുന്നു.


