സംസ്ഥാന സർക്കാർ, കെ കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ദില്ലി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ കുറ്റവാളികള്‍ നല്‍കിയ ഹർജികളിലും അപ്പീലുകളിലും സുപ്രീംകോടതി നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനും കെ കെ രമ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്കുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകളിലും സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് മാരായ ബേല എം ത്രിവേദി, എസ്. സി. ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 

അപ്പീൽ അംഗീകരിക്കണമെന്ന് പ്രതികളുടെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും എതിർ ഭാഗത്തെ കേൾക്കാതെ ഇത് സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ആറ് ആഴ്ച്ചയ്ക്ക് ഉള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെയും വിചാരണക്കോടതിയുടെയും പരിഗണനയിലുള്ള എല്ലാ രേഖകളും സുപ്രീംകോടതിയിലേക്ക് വിളിപ്പിച്ചു. വിശദമായി കേള്‍ക്കേണ്ട കേസാണിതെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി നീരീക്ഷിച്ചു. വെറും ഒരു പ്രസംഗത്തിന്റെ പേരിലാണ് കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയതെന്ന് കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയുമായി ഹാജരായ മുതിർന്ന അഭിഭാഷകന്‍ എസ് നാഗമുത്തു വാദിച്ചു. മറ്റു പ്രതികൾക്കായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ ജി പ്രകാശ് എന്നിവർ ഹാജരായി. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ സ്റ്റാന്റിങ് കോണ്‍സല്‍ കൂടിയാണ് ജി പ്രകാശ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്