കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പി കെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി കുഞ്ഞനനന്ത് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പി കെ കുഞ്ഞനന്തന് ജാമ്യാപേക്ഷയുമായി  ഹൈക്കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവുമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നുമായിരുന്നു കുഞ്ഞനന്തന് ഹര്‍ജിയിൽ പറഞ്ഞത്

ടിപി കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസിൽ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. 

ഇടത് സര്‍ക്കാര്‍ അധികാരത്തിൽ എത്തിയ ശേഷം ടിപി കേസിലെ പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ അനുവദിച്ച വാര്‍ത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിൽ ഏറ്റവും അധികം പരോൾ ദിവസങ്ങൾ അനുവദിക്കപ്പെട്ടതും കുഞ്ഞനന്തനാണ്.