Asianet News MalayalamAsianet News Malayalam

തൊഴിലാളി യൂണിയനുകള്‍ ഇടഞ്ഞു; കാട്ടാക്കടയില്‍ ഉദ്ഘാടനം കഴിഞ്ഞ് 19 ദിവസമായിട്ടും കച്ചവടം നടത്താനാവാതെ വ്യവസായി

സ്ഥിരമായി കടയിൽ ജോലിക്ക് വന്നാൽ 1500 രൂപ പ്രതിദിനം നൽകാമെന്ന് കടയുടമ സുദർശനൻ കടയുടമകളോട് പറഞ്ഞിരുന്നു. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ ജോലി സമയവും നിശ്ചയിച്ചു. എന്നാൽ ഇത് ചെവിക്കൊള്ളതെയാണ് തൊഴിലാളി യൂണിയൻ കടയ്ക്ക് മുന്നിൽ സമരപ്പന്തൽ കെട്ടി സമരം തുടങ്ങിയത്. 

Trade unions strike against shop owner in kattakkada
Author
Kattakkada, First Published May 13, 2022, 6:25 PM IST

തിരുവനന്തപുരം: തൊഴിലാളി യൂണിയൻ സമരം കാരണം ഉദ്ഘാടനം ചെയ്ത് 19 ദിവസം പിന്നിട്ടിട്ടും കച്ചവടം നടത്താനാകാതെ വ്യവസായി. കാട്ടാക്കടയിലെ എസ്.കെ.എന്‍റർപ്രൈസ് ഉടമ സുദർശനനാണ് സംയുക്ത തൊഴിലാളി യൂണിയൻ സമരം കാരണം വലയുന്നത്. കടയുടമ സ്വന്തമായി വച്ച തൊഴിലാളികളെക്കൊണ്ട് കടയിലേക്കുള്ള സാധനങ്ങൾ ഇറക്കാൻ അനുവദിക്കാതെയും സാധനങ്ങൾ വാങ്ങാനെത്തുന്നവരെയും ചരക്ക് വാഹനവും തടഞ്ഞാണ് ട്രേഡ് യൂണിയൻ സമരം. കടയ്ക്ക് മുന്നിൽ കെട്ടിയ സമരപ്പന്തൽ നീക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സുദർശനൻ. 

കഴിഞ്ഞമാസം 25ന് മൂന്നരക്കോടി രൂപ നിക്ഷേപിച്ച് വീടിനോട് ചേർന്നുള്ള സ്വന്തം സ്ഥലത്ത് സുദർശനൻ തുടങ്ങിയതാണ് കെട്ടിട സാമഗ്രികൾ വിൽക്കുന്ന എസ്.കെ.എന്‍റർപ്രൈസ്. രജിസ്ട്രേഷനുള്ള ചുമട്ട് തൊഴിലാളികളെ സ്വന്തമായി വച്ചാണ് കടയിലേക്കുള്ള സാധനസമഗ്രികൾ ഇറക്കിയത്. ഇതിൽ പ്രകോപിതരായാണ് കാട്ടക്കടയിലെ തൊഴിലാളി യൂണിയൻ നേതാക്കൾ സ്ഥാപനത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തി കടയ്ക്ക് മുന്നിൽ സമരപ്പന്തൽ കെട്ടി അനിശ്ചിതകാല സമരം തുടങ്ങിയത്. കടയിലേക്കുള്ള ചരക്ക് വാഹനങ്ങൾ തടഞ്ഞും ഉപഭോക്താക്കളെ തിരിച്ചയച്ചുമാണ് തൊഴിലാളി യൂണിയനുകളുടെ ഭീഷണി. സ്ഥിരമായി കടയിൽ ജോലിക്ക് വന്നാൽ 1500 രൂപ പ്രതിദിനം നൽകാമെന്ന് കടയുടമ സുദർശനൻ കടയുടമകളോട് പറഞ്ഞിരുന്നു. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ ജോലി സമയവും നിശ്ചയിച്ചു. 

എന്നാൽ ഇത് ചെവിക്കൊള്ളതെയാണ് തൊഴിലാളി യൂണിയൻ കടയ്ക്ക് മുന്നിൽ സമരപ്പന്തൽ കെട്ടി സമരം തുടങ്ങിയത്. കാട്ടാക്കടയിലെ 49 തൊഴിലാളികൾ റിലേ സമരം തുടങ്ങിയതോടെ കടയിലെ കച്ചവടം പ്രതിസന്ധിയിലായി. കടയിലേക്ക് ആള് എത്താതായി. പലപ്പോഴും തൊഴിലാളി യൂണിയനുകളുടെ ഭീഷണി കൊലവിളിയായി മാറും. കടയിലേക്ക് ലോഡുമായെത്തിയ വാഹനത്തിന്‍റെ ചില്ല് തകർക്കുന്ന അവസ്ഥവരെയുണ്ടായി. ഹൈക്കോടതി വിധി വാങ്ങിയാണ് സ്ഥാപനം പ്രവർത്തനം തുടങ്ങിയതെങ്കിലും കടയ്ക്ക് മുന്നിലെ സമരപ്പന്തൽ പ്രവ‍ർത്തനം തടസ്സപ്പെടുത്തുന്നു. കടയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കടയുടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്ഥാപനത്തിന്  സുരക്ഷ നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് എത്തുമ്പോൾ ലോഡ് കടത്തിവിടുകയും പിന്നീട് പഴപടി സമരം തുടരുന്നതുമാണ് നിലവിലെ രീതി. കടയ്ക്ക് മുന്നിലെ സമരപ്പന്തൽ കച്ചവടത്തിന് തടസ്സമായി നിൽക്കുകയും ചെയ്യുന്നു.  ഇതിനെതിരെ സുദർശനൻ നൽകിയ ഹർജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. കടയിലെ തൊഴിലാളികൾക്ക് അനധികൃതമായി ലേബർ രജിസ്ട്രേഷൻ ഉണ്ടാക്കി പഞ്ചായത്തിന്‍റെ അനുമതിപോലുമില്ലാതെയാണ് സുദർശനന്‍റെ കച്ചവടമെന്നാണ് തൊഴിലാളികളുടെ ആരോപണം. പിന്നോട്ടില്ലെന്ന് ഇരുകൂട്ടരും പ്രഖ്യാപിച്ചതോടെ വൈകുന്നേരങ്ങളിൽ സ്ഥിരം സംഘർഷ മേഖലയായി മാറിയിരിക്കുകയാണ് കടയും പരിസരവും.

Latest Videos
Follow Us:
Download App:
  • android
  • ios