പത്തനംതിട്ട കോഴഞ്ചേരി സ്വദേശി 29 വയസുള്ള സിദ്ധാർത്ഥിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: ട്രാൻസ്‌മാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സിദ്ധാർത്ഥ് കെ.എം (29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വിളിച്ചുണർത്താൻ അമ്മ ചെന്നപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. സിദ്ധാർത്ഥിൻ്റേത് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർ‍ട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

2022 ലാണ് പുരുഷനാകുന്നതിനുള്ള ശസ്ത്രക്രിയ അടക്കം തുടങ്ങിയത്. ഹോർമോൺ ചികിത്സ തുടരുകയായിരുന്നു. ജോലി കിട്ടാത്തതിൽ മാനസിക വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ചികിത്സയ്ക്ക് അടക്കമുള്ള സാമ്പത്തിക പ്രതിസന്ധികൾ ആകാം ജീവൻ ഒടുക്കാൻ കാരണം എന്ന് സംശയിക്കുന്നു. ഫൊറൻസിക് വിഭാഗം തെളിവെടുത്തു. ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.