തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുന്‍കരുതലുകളുടെ ഭാഗമായി ക്ഷേത്രോത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായി ചുരുക്കും. ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. 

ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളും രാവിലെ ആറ് മണി മുതല്‍ പത്ത് മണി വരെയും വൈകിട്ട് അഞ്ചര മുതല്‍ ഏഴര വരെ മാത്രവുമായിരിക്കും തുറന്നിടുക. മാര്‍ച്ച് 31വരെയുള്ള ശനിയാഴ്ചകളില്‍ ദേവസ്വം ബോര്‍‍ഡ് ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അന്നദാനം ഒഴിവാക്കിയിട്ടുണ്ട്.  മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൈയുറകളും മാസ്കുകളും നല്‍കും. ശബരിമല ക്ഷേത്രത്തിലെ ഉത്സവവും ചടങ്ങുകള്‍ മാത്രമായിട്ടായിരിക്കും നടത്തുക. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്കോ ഉത്സവത്തിന്‍റെ ഭാഗമായി പമ്പയില്‍ നടത്തുന്ന ആറാട്ടിലേക്കോ പ്രവേശനമുണ്ടാക്കില്ല.