കര്‍ണാടകയും തമിഴ്‌നാടുമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍നിന്നുള്ളവര്‍ക്ക് വരാന്‍ ഒരുഡോസ് വാക്‌സിനെങ്കിലും എടുത്ത രേഖ മതി. എന്നാല്‍ ഇതേ യാത്രക്കാര്‍ കേരളത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരാണെങ്കിലും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ വാക്‌സിനെടുത്തവര്‍ക്കുപോലും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ സംസ്ഥാനത്തേക്ക് പ്രവേശനമുള്ളൂ. ചിലര്‍ക്ക് ക്വാറന്റൈനും നിര്‍ദേശിക്കുന്നുണ്ട്. കര്‍ണാടകമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വരാന്‍ ഒരു ഡോസ് വാക്‌സിനെടുത്താല്‍മതി എന്നിരിക്കേ കേരളത്തിന്റെ നിയന്ത്രണങ്ങള്‍ യാത്രക്കാരെ ശരിക്കും ബുദ്ധിമുട്ടിലാക്കുകയാണ്. 

കര്‍ണാടകയും തമിഴ്‌നാടുമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍നിന്നുള്ളവര്‍ക്ക് വരാന്‍ ഒരുഡോസ് വാക്‌സിനെങ്കിലും എടുത്ത രേഖ മതി. എന്നാല്‍ ഇതേ യാത്രക്കാര്‍ കേരളത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരാണെങ്കിലും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നാട്ടിലെത്തിയാല്‍ ക്വാറന്റൈനിലും കഴിയേണ്ടി വരും. പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് പോലും നിയന്ത്രണങ്ങളെന്തൊക്കെയെന്നതില്‍ വ്യക്തതയില്ല.

കര്‍ണാടകത്തിലേക്ക് ജോലിക്കായും കൃഷി ആവശ്യങ്ങള്‍ക്കായും വന്നു മടങ്ങുന്നവര്‍ക്ക് അടിക്കടി ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടി വരുന്നത് വലിയ ബാധ്യതയാവുകയാണ്. സര്‍ക്കാര്‍ വൈകാതെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona