Asianet News MalayalamAsianet News Malayalam

ട്രഷറി തട്ടിപ്പ്: 2 കോടി തിരിച്ച് പിടിക്കാം; സര്‍ക്കാര്‍ ഖജനാവിലെ നഷ്ടം 74 ലക്ഷമെന്ന് ക്രൈംബ്രാഞ്ച്

ട്രഷറിയിലെ സോഫ്റ്റ് വെയര്‍ പിഴവുകള്‍ മുതലെടുത്തായിരുന്നു ബിജുലാലിന്‍റെ ഓരോ തിരിമറിയും. തുടര്‍ച്ചയായി ബിജു തട്ടിപ്പ് നടത്തിയിട്ടും മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതും ഈ പിഴവ് കാരണമാണ്. 

treasury fund fraud crime branch says bijulal committed serious offence
Author
Thiruvananthapuram, First Published Aug 6, 2020, 6:28 AM IST

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാലിന്‍റെ ഭാര്യയും രണ്ടാം പ്രതിയുമായി സിമിയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ബിജുലാലിന്‍റെ സാമ്പത്തിക തട്ടിപ്പിലൂടെ സര്‍ക്കാര്‍ ഖജനാവിലെ നഷ്ടം 74 ലക്ഷം മാത്രമാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഏറ്റവുമൊടുവില്‍ തട്ടിയെടുത്ത രണ്ട് കോടി രൂപ ബിജുവിന്‍റെയും ഭാര്യയുടെയും അക്കൗണ്ടിലുളളതിനാല്‍ ഇത് തിരിച്ചുപിടിക്കാനാവും.

ഇക്കഴിഞ്ഞ ഡിസംബറില്‍ മൂവായിരം രൂപ ഒരിടപാടുകാരനില്‍ നിന്ന് തട്ടിയെടുത്താണ് ബിജുലാല്‍ സാമ്പത്തിക തിരിമറി തുടങ്ങിയത്. ഇടപാടുകാരന്‍റെ ചെക്ക് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. ഇത് പിടിക്കപ്പെടാതിരുന്നതോടെ ബിജുവിന്‍റെ ആത്മവിശ്വാസം കൂടി. പിന്നീട് മുന്‍ സബ് ട്രഷറി ഓഫിസറുടെ യൂസര്‍ നെയിമും പാസ്‍വേര്‍ഡും മനസിലാക്കിയ ശേഷമാണ് വന്‍ തട്ടിപ്പ് തുടങ്ങിയത്. ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം രൂപ പല തവണകളായി ട്രഷറിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഒറ്റത്തവണ തട്ടിയെടുത്ത ഏറ്റവും ഉയര്‍ന്ന തുക 58 ലക്ഷം രൂപയാണ്. പിന്നെ ചെറിയ തുകകളായി പല ഘട്ടങ്ങളില്‍ പണം തട്ടിയെടുത്തു.

Also Read: ട്രഷറി തട്ടിപ്പ് കേസ്; ബിജുലാലിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു

ട്രഷറിയിലെ സോഫ്റ്റ് വെയര്‍ പിഴവുകള്‍ മുതലെടുത്തായിരുന്നു ബിജുലാലിന്‍റെ ഓരോ തിരിമറിയും. തുടര്‍ച്ചയായി ബിജു തട്ടിപ്പ് നടത്തിയിട്ടും മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതും ഈ പിഴവ് കാരണമാണ്. ട്രഷറി അക്കൗണ്ടില്‍ നിന്ന് പണം ബിജു സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാറ്റിയിരുന്നത് ചെക്ക് ഉപയോഗിച്ചാണ്. ഇതിനായി മേലധികാരികളുടെയടക്കം ഒപ്പും ബിജു തന്നെ ഇട്ടു. ജൂലൈ 27നായിരുന്നു ഏറ്റവും ഒടുവില്‍ തട്ടിപ്പ് നടത്തിയത്.അന്ന് ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് 2 കോടി രൂപ മാറ്റിയെങ്കിലും സോഫ്റ്റ് വെയറില്‍ തെളിവ് നശിപ്പിക്കാന്‍ കഴിയാതിരുന്നതാണ് പ്രതി കുരുക്കായത്. ഈ പണം ബിജുവിന്‍റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ തന്നെയുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ തിരിച്ചുപിടിക്കാനാകുമെന്നും സര്‍ക്കാരിന് നഷ്ടപ്പെടില്ലെന്നും അന്വേഷണ സംഘം പറയുന്നു.

Also Read: ബിജുലാല്‍ നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച്; കൈകാര്യം ചെയ്യുന്നതില്‍ ട്രഷറിക്കും വീഴ്ച

അതേസമയം കേസിലെ രണ്ടാം പ്രതിയായ ഭാര്യ സിമിയ്ക്കും മറ്റു ബന്ധുക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടോ എന്നതിനെ പറ്റിയുളള അന്വേഷണം തുടരുകയാണ്. വിജിലന്‍സ് അന്വേഷണം കൂടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ തീരുമാനം. റിമാന്‍ഡിലായ ബിജുവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി മുമ്പ് ജോലി ചെയ്തിരുന്ന കോട്ടയം,താമരശേരി ട്രഷറികളിലെത്തിച്ച് തെളിവെടുക്കും. ട്രഷറി കൗണ്ടറില്‍ നിന്ന് അറുപതിനായിരം രൂപ മോഷ്ടിച്ച സംഭവത്തിലും ബിജുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യും.

Follow Us:
Download App:
  • android
  • ios