കോട്ടൂരിലെ 15 ആനകളില്‍ ഒന്‍പത് എണ്ണവും പത്തില്‍ താഴെ പ്രായമുള്ളവയാണ്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാ ആനകള്‍ക്കും പ്രതിരോധ മരുന്ന് നല്‍കുന്നുണ്ട്. 

തിരുവനന്തപുരം: വൈറസ് വ്യാപന ഭിഷണി കണക്കിലെടുത്ത് കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ പ്രകാരമുള്ള പ്രതിരോധ ചികിത്സ തുടങ്ങി. പതിനഞ്ച് ആനകള്‍ക്കായി പ്രതിദിനം ഒന്നേകാല്‍ ലക്ഷം രൂപയുടെ മരുന്നാണ് നല്‍കുന്നത്. ഫണ്ട് പ്രശ്നമല്ലെന്നും, ആനകളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് ആനക്കുട്ടികളാണ് ചെരിഞ്ഞത്. എലിഫന്‍റ് എന്‍ഡ്രോതെലിയോട്രോപ്പിക്ക് ഹെര്‍പ്പിസ് വൈറസ് ബാധയാണ് മരണകാരണമെന്ന് സ്ഥിരികരിച്ചിട്ടുണ്ട്. 10 വയസ്സില്‍ താഴെ പ്രായമുള്ള ആനകള്‍ക്ക് രോഗം വന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യത തീരെ കുറവാണ്. കോട്ടൂരിലെ 15 ആനകളില്‍ ഒന്‍പത് എണ്ണവും പത്തില്‍ താഴെ പ്രായമുള്ളവയാണ്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാ ആനകള്‍ക്കും പ്രതിരോധ മരുന്ന് നല്‍കുന്നുണ്ട്. ഫാം സൈക്ളോവിര്‍ എന്ന മരുന്നാണ് പ്രധാനമായും നല്‍കുന്നത്. ഒരു ഗുളികക്ക് നൂറു രൂപയോളം വിലയുണ്ട്. കുട്ടിയാനകള്‍ക്ക് ഒരു ഡോസിന് 20 ഗുളികയെങ്കിലും വേണം. നാല് ഡോസ് മരുന്നിന് ഒരാനക്ക് ചുരുങ്ങിയത് 8000 രൂപ പ്രതിദിനം ചെലവുണ്ട്.

പരിപാലന കേന്ദ്രത്തില്‍ കഴിയുന്ന ജീവികള്‍ക്ക്, രോഗ ബാധയുണ്ടാകുമ്പോള്‍ നല്‍കേണ്ട ചികിത്സ, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച പ്രോട്ടോക്കോളുണ്ട്. അതനുസരിച്ചുള്ള നടപടികളാണ് കോട്ടൂരിലും സ്വീകരിച്ചിരിക്കുന്നത്. മനുഷ്യരിലേക്ക് ആനകളില്‍ നിന്ന് ഈ രോഗം പകരില്ല. നിലവില്‍ മൂന്ന് കുട്ടിയാനകള്‍ക്ക് വൈറസ് ബാധയുണ്ടെങ്കിലും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്. വൈറസ് പ്രതിരോധ ചികിത്സയ്ക്ക് മേല്‍നോട്ടത്തിനായി ഡോക്ടര്‍മാരുടെ അഞ്ചംഗ വിദഗ്ധ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.