കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിൽ മരങ്ങൾ വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്

കോഴിക്കോട്: കോഴിക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടത് ആറു മണിക്കൂറിലേറെയാണ്. മൂന്ന് വൻ മരങ്ങളും പത്തോളം വീടുകളുടെ മേൽക്കൂരയും ആണ് തകർന്ന് പാലത്തിൽ പതിച്ചത്. അപകടത്തെ തുടർന്ന് വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകി.

ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും മൂന്നും നാലും മണിക്കൂർ വൈകി ഓടുകയാണ്. രാത്രി 12. 50ന് ഷൊർണുരിൽ എത്തേണ്ട മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ് എത്തിയത് പുലർച്ചെ 5.45 ഓടെയാണ്.

എറണാകുളം അമ്പാട്ട് കാവിൽ മെട്രോ സ്റ്റേഷൻ സമീപം റെയിൽവേ ട്രാക്കിലേക്ക് മരം വീണ് നാല് മണിക്കൂർ സമയം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ട്രാക്കിന് സമീപത്തുള്ള ആൽമരം മറിഞ്ഞ് വീണത്. രണ്ട് ട്രാക്കിലെ ഇലക്ട്രിക്ക് ലൈനിലേക്കാണ് മരം വിണത്. റെയിൽവേയും ഫയർഫോഴ്സും നാട്ടുകാരും തടസം മാറ്റാനുള്ള ശ്രമങ്ങൾ നടത്തി. നിരവധി ട്രെയിനുകളുടെ ഷെഡ്യൂൾ പുനക്രമീകരിച്ചു.

വൈകിയോടുന്ന ട്രെയിനുകൾ

ചെന്നൈ-മാംഗ്ലൂർ മെയിൽ

കോഴിക്കോട്-ഷൊർണ്ണൂർ പാസഞ്ചർ

തിരുവനന്തപുരം-മാംഗ്ലൂർ മലബാർ എക്സ്പ്രസ് 

അന്ത്യോദയ എക്സ്പ്രസ്

ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്

നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസ് 

ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ്

രാജ്യറാണി എക്സ്പ്രസ്

അമൃത്സർ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്


എറണാകുളത്തു റയിൽവേ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ട സംഭവം പൂർണമായി പരിഹരിച്ചെന്ന് റെയിൽവെ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം