ഫ്ലോറൽ പാര്‍ക്ക് ജീവനക്കാരായ ഒന്‍പതാം സാക്ഷി റോയി ജനാര്‍ദ്ദനന്‍, 13ാം സാക്ഷി പ്രവീണ്‍ പ്രസന്നന്‍ എന്നിവരെയും പ്രോസിക്യൂഷന്‍ ഇന്ന് വിസ്തരിക്കും. 

കോട്ടയം: കെവിന്‍ വധക്കേസില്‍ മുഖ്യസാക്ഷി അനീഷിന്‍റെ ബന്ധുക്കള്‍ ഉള്‍പ്പടെ ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും. സന്തോഷ്,ബാബു പി ദേവസ്യ, ബെന്നി, സിബി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക. ഫ്ലോറൽ പാര്‍ക്ക് ജീവനക്കാരായ ഒന്‍പതാം സാക്ഷി റോയി ജനാര്‍ദ്ദനന്‍, 13ാം സാക്ഷി പ്രവീണ്‍ പ്രസന്നന്‍ എന്നിവരെയും പ്രോസിക്യൂഷന്‍ ഇന്ന് വിസ്തരിക്കും. 

എന്നാൽ കെവിനെ തട്ടിക്കൊണ്ട് പോകുമെന്ന വിവരം നേരെത്തെ അറിയാമായിരുന്നുവെന്ന് മൊഴി നൽകിയ കേസിലെ 28ാം സാക്ഷി അബിൻ പ്രദീപ് ഇന്നലെ കൂറുമാറിയിരുന്നു.

കെവിനെ തട്ടിക്കൊണ്ട് പോകുന്നതുൾപ്പടെ അറിഞ്ഞിരുന്നെന്നാണ് അബിന്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. അക്രമത്തിനുപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടതായും അബിന്‍ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇക്കാര്യം രഹസ്യമൊഴിയായും നൽകിയിരുന്നു.

എന്നാൽ ഇന്നലെ വിചാരണയ്ക്കിടെ ഈ മൊഴി അബിൻ മാറ്റിപ്പറയുകയായിരുന്നു. രഹസ്യമൊഴി നൽകിയത് പൊലീസ് ഭീഷണിപ്പെടുത്തിയത് മൂലമാണെന്നും അബിൻ കോടതിയില്‍ പറഞ്ഞു.