വാളുമുക്ക് കോളനിയിലാണ് മൂന്ന് കുഴിമാടങ്ങൾ മാന്തി, ജല അതോറിറ്റി കരാറുകാർ പൈപ്പിട്ടത്. വേറെ സ്ഥലമുണ്ടായിട്ടും, വീട്ടുകാരില്ലാത്ത നേരത്ത്, കുഴിമാടങ്ങൾ നശിപ്പിച്ച് പൈപ്പിടുകയായിരുന്നു.

കണ്ണൂർ: കണ്ണൂർ കേളകത്ത്, ജൽ ജീവൻ മിഷനിൽ പൈപ്പിടാൻ ആദിവാസി കോളനിയിലെ കുഴിമാടങ്ങൾ നശിപ്പിച്ചു. വാളുമുക്ക് കോളനിയിലാണ് മൂന്ന് കുഴിമാടങ്ങൾ മാന്തി, ജല അതോറിറ്റി കരാറുകാർ പൈപ്പിട്ടത്. വേറെ സ്ഥലമുണ്ടായിട്ടും, വീട്ടുകാരില്ലാത്ത നേരത്ത്, കുഴിമാടങ്ങൾ നശിപ്പിച്ച് പൈപ്പിടുകയായിരുന്നു.

ഉറ്റവരുടെ കുഴിമാടങ്ങൾ തകർത്തതിന്‍റെ സങ്കടത്തിലാണ് വാളുമുക്ക് കോളനിയിലെ ജനങ്ങള്‍. ജൽജീവൻ മിഷനിൽ തൊട്ടടുത്ത അംഗൻവാടിയിലേക്കുള്ള കുടിവെള്ള കണക്ഷന് വേണ്ടിയാണ് ആദിവാസികളുടെ കുഴിമാടം നശിപ്പിച്ചത്. പൈപ്പിടാൻ അംഗനവാടിയുടെ മുറ്റത്തുകൂടെയും ശോഭനയുടെ അടുക്കളഭാഗത്ത് കൂടെയും വേറെ വഴിയുണ്ടായിരുന്നു. കരാറുകാരനോട് ഇത് പറയുകയും ചെയ്തു. പക്ഷേ കുഴിയെടുക്കുമ്പോൾ മേൽനോട്ടത്തിന് ആളുണ്ടായില്ല. പൈപ്പിടാനെത്തിയവർ എളുപ്പവഴി നോക്കി കുഴിമാടം മാന്തുകയായിരുന്നു.

വാളുമുക്ക് കോളനിയിൽ മരിച്ചാൽ അടക്കാൻ മണ്ണില്ല. 30 വീടുകൾക്കിടയിൽ തന്നെ 100 കുഴിമാടങ്ങളുണ്ട്. ആറടി മണ്ണിനുളള സങ്കടത്തിനിടയിലാണ് കുഴിമാടങ്ങൾ നശിപ്പിച്ച് കൊണ്ടുള്ള ജല അതോറിറ്റി കരാറുകാരുടെ നടപടി. സംഭവത്തില്‍ ജില്ലാ കളക്ടർക്ക് പരാതി നൽകാനാണ് തീരുമാനം.