പിവി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. 2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്. ഈ കേസിൽ നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

മലപ്പുറം: തൃണമൂൽ‌ കോൺ​ഗ്രസ് നേതാവ് പിവി അൻവറിൻ്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റൈഡ്. അൻവറിന്റെ മഞ്ചേരി പാർക്കിലും സഹായി സിയാദിൻ്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. അൻവറിൻ്റെ വീട്ടിൽ രാവിലെ 6.30ഓടെയാണ് ഇഡി സംഘം എത്തിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കെഎസ്‍സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. പിവി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. അൻവർ വീട്ടിലുണ്ടെന്നാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്. ഈ കേസ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പിവി അൻവറിൻ്റെ സിൽസില പാ‍ർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയും എത്തിയിരിക്കുന്നത്.

മതിയായ രേഖകളില്ലാതെയാണ് പിവി അൻവർ മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ലോണെടുത്തത്. ഉദ്യോ​ഗസ്ഥരുമായി ​ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം. ഇക്കാലയളവിൽ അൻവർ എൽഡിഎഫിനൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോ​ഗിച്ച് വായ്പയെടുത്തെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. നേരത്തെ, കേസിൽ പരാതിക്കാരുടെ മൊഴി ഉൾപ്പെടെ എടുത്തിരുന്നു. അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്.

മാലാംകുളം കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ ആദ്യം 7.50 കോടിയാണ് കടം എടുത്തത്. ഓഹരി ഉടമ എന്ന നിലയിൽ ആണ് സിയാദ് പണം കടമെടുത്തത്. പി വി ആർ ഡെവലപെഴ്സ് എന്ന കമ്പനിയുടെ പേരിൽ 5 കോടി കടം നൽകി. കെഎഫ്സിയിൽ നിന്ന് നേരത്തെ വായ്പ എടുത്തത് മറച്ചു വച്ചു. അതേ ഈട് വച്ചു വീണ്ടും വായ്പ എടുത്തു. ഈ 2 കമ്പനികളുടെ സാമ്പത്തിക ഇടപാട് ആണ് ഇഡി അന്വേഷിക്കുന്നത്. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രൻ ആണ് പരാതിക്കാരൻ. 

വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ അൻവർ നാലാംപ്രതിയാണ്. സഹായി സിയാദ്, കെഎഫ്സി ചീഫ് മാനേജർ അബ്ദുൽ‌ മനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, മുനീർ അഹമ്മദ് എന്നിവരെല്ലാം വിജിലൻസ് കേസിൽ പ്രതികളാണ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന കൂടി എത്തുന്നതോടെ ഇവരുടെ വീടുകളിലും പരിശോധന നടക്കാൻ സാധ്യതയുണ്ട്.