രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്‍ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും ശിവദാസൻ പറഞ്ഞു.
ദില്ലി: പാർട്ടി വിട്ട പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്‍ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും ശിവദാസൻ പറഞ്ഞു. നിരവധി ഇടത് നേതാക്കൾ അടക്കം ചേരുമെന്ന് പറഞ്ഞാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ വന്നത്. നാട്ടിൽ അന്വേഷിച്ചപ്പോൾ ഒരാൾക്ക് പോലും ഇയാൾ പറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും ശിവദാസൻ വിമർശിച്ചു. അൻവർ പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്‍ നേതൃത്വം പുറത്ത് വിട്ടു. അൻവറിനെ വെച്ച് കേരളത്തിൽ തൃണമൂൽ കോൺഗ്രസ് വളർത്താൻ പറ്റില്ലെന്ന് ബോധ്യമായി. അതുകൊണ്ടാണ് പിന്തുണ പിൻവലിച്ചത്. അൻവർ പോയാൽ തൃണമൂൽ കോൺഗ്രസിന് ഒന്നും പറ്റില്ലെന്നും തൃണമൂൽ കോൺഗ്രസ് ശക്തമാണെന്നും ശിവദാസൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. അൻവർ നല്ലൊരു ഡോക്ടറെ കാണണം എന്നും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവായ ശിവദാസൻ കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസിൽ ചേരാൻ അൻവർ നൽകിയ കത്തിൽ മുൻ സിപിഎം എംഎൽഎ അടക്കമുള്ള നേതാക്കളുടെ പേരുകൾ അടങ്ങിയിട്ടുണ്ട്. ജി സുധാകരൻ, യു പ്രതിഭ, സി ദിവാകരൻ തുടങ്ങിയ ഇടത് നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കുമെന്ന് അവകാശപ്പെട്ടാണ് അൻവര്‍ ദേശീയ നേതൃത്വത്തിന് കത്ത് നല്‍കിയത്. 26/11/2024 ന് മമത ബാനർജിക്ക് നൽകിയ കത്താണ് പുറത്ത് വിട്ടത്. കാരാട്ട് റസാക്ക്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭൻ, ഹുസൈൻ രണ്ടത്താണി, എസ് രാജേന്ദ്രൻ, സി ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, ഐ എം വിജയൻ എന്നിവർ താല്പര്യം അറിയിച്ചെന്നും അൻവറിന്റെ കത്തിൽ പറയുന്നു. പ്രതിഭ ഹരി എംഎൽഎ, കോവൂർ കുഞ്ഞുമോൻ, കെ പി മോഹനൻ, കെ കെ രമ, തോമസ് കെ തോമസ് എന്നിവരും തന്നോട് മുന്നണിയിൽ ചേരാമെന്ന് പറഞ്ഞെന്നും അൻവർ കത്തിൽ പറയുന്നുണ്ട്. അതേസമയം, അൻവർ തൻ്റെ പേര് കത്തിൽ ഉൾപ്പെടു യതിനെ കുറിച്ച് അറിയില്ല. ഇക്കാര്യം തന്നോട് പറഞ്ഞിട്ടുമില്ലെന്നും തൻ്റെ അറിവില്ലാതെ അൻവർ എങ്ങനെ കത്തിൽ പേര് പരാമർശിച്ചുവെന്നും കെ കെ രമ ചോദിച്ചു.
തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ കുറിപ്പ് പുറത്ത്
പുകഞ്ഞ കൊള്ളി പുറത്ത്
കഴിഞ്ഞ ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ 200 സീറ്റും 20 ഗ്രാമ പഞ്ചായത്തും TMC ക്ക് നേടി തരും എന്ന് ഉറപ്പ് നൽകി പാർട്ടി ദേശീയ നേതൃത്വത്തെ വഞ്ചിച്ച് സ്വന്തം അജണ്ട നടപ്പാക്കാൻ ശ്രമിച്ച ശ്രീമാൻ Pv അൻവറിനെ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം TMC ക്ക് വേണ്ട എന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പുറത്ത് പറയാതെ UDF-ൽ തൃണമൂലിന്റെ ബാനറിൽ ഒരു ബർത്ത് ഉറപ്പിക്കുവാൻ നടത്തിയ ഗുഢ നീക്കമാണ് പാർട്ടി തടയിട്ടത്. TMC അൻവറിന്റെ തറവാട്ട് സ്വത്തല്ല എന്ന സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനോടൊപ്പം നിന്ന ദേശീയ നേതാക്കൾക്ക് അഭിനന്ദനങ്ങൾ!! പുകഞ്ഞ കൊള്ളി പുറത്ത്. മുൻ എംഎൽഎ ജോണി നെല്ലൂരിന്റെ ഗതിവരും പുതിയ പാർട്ടി ഉണ്ടാക്കാൻ പോകുന്ന അൻവറിന്.
സി.ജി.ഉണ്ണി. TMC സംസ്ഥാന പ്രസിഡണ്ട്.
