Asianet News MalayalamAsianet News Malayalam

ഉഗ്രസ്ഫോടനത്തിന് കാരണമായത് എന്ത്? നിയമങ്ങൾ കാറ്റിൽപ്പറത്തി ഇരുവിഭാഗങ്ങളുടെ മത്സര വെടിക്കെട്ട്, അടിമുടി ദുരൂഹത

കരിമരുന്ന് പ്രയോഗത്തിനായി ഇത്രയധികം സ്ഫോടകവസ്തുക്കള്‍ നാല് പാടും വീടുള്ള സ്ഥലത്ത് ഇറക്കുന്നതിനെ കുറിച്ച് ഫയര്‍ ഫോഴ്സിനും അറിവില്ലായിരുന്നു

Tripunithura firecracker explosion, rules and regulations violated, explosives were brought to a densely populated area
Author
First Published Feb 12, 2024, 6:11 PM IST

കൊച്ചി:തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ അടിമുടി ദുരൂഹത. നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പ്പറത്തിയാണ് ജനസാന്ദ്രതയേറിയ പ്രദേശത്ത് വെടിക്കെട്ടിനായി ഉഗ്രസ്ഫോടകവസ്തുക്കള്‍ എത്തിച്ചത്. കരിമരുന്ന് പ്രയോഗത്തിനായി ഉത്സവഭാരവാഹികള്‍ യാതൊരനുമതിയും തേടിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതിനിടെ വടക്കുംഭാഗം കരയോഗത്തിനെതിരെ നാട്ടുകാരും രംഗത്തുവന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയകാവ് ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു തെക്കും ഭാഗത്തിന്‍റെ വെടിക്കെട്ട് നടന്നത്. യാതൊരുനുമതിയുമില്ലാതെ നടത്തിയ വെടിക്കെട്ടിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതറഞ്ഞിട്ടും  വാശിപ്പുറത്ത് തെക്കുഭാഗത്തെ മറികടക്കണമെന്ന ചിന്തയോടെയാണ് വടക്കുംഭാഗം വെടിക്കെട്ടിനായി സ്ഫോടകവസ്തുകള്‍ എത്തിച്ചതെന്നാണ് ആക്ഷേപം.

കരിമരുന്ന് പ്രയോഗത്തിന് മുന്‍പ് നേടേണ്ട അനുമതികളോ പരിശോധനകളോ ഒന്നും പൂര്‍ത്തിയാക്കിയില്ലെന്നും സ്ഫോടക വസ്തുക്കളെത്തിക്കാൻ അനുമതി തേടിയിട്ടില്ലെന്നുമാണ് ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ് വ്യക്തമാക്കിയത്. കരിമരുന്ന് പ്രയോഗത്തിനായി ഇത്രയധികം സ്ഫോടകവസ്തുക്കള്‍ നാല് പാടും വീടുള്ള സ്ഥലത്ത് ഇറക്കുന്നതിനെ കുറിച്ച് ഫയര്‍ ഫോഴ്സിനും അറിവില്ലായിരുന്നു. ഇതിനിടെ വലിയ ദുരന്തത്തിന് പിന്നാലെ കരയോഗത്തിനെതിരെ പൊട്ടിത്തെറിച്ച് നാട്ടുകാരും രംഗത്തെത്തി.

വെട്ടിക്കെട്ടിനായി സ്ഫോടകവസ്തുക്കള്‍ എത്തിച്ച കരാറുകാര്‍ക്കെതിരെയും വടക്കുംഭാഗം കരയോഗക്കാര്‍ക്കെതിരെയും പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തത്. അമ്പല കമ്മിറ്റി ഭാരവാഹികളായ നാലുപേരെയാണ് സംഭവത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതിനിടെ, വെടിക്കെട്ടിന്‍റെ കരാറുകാരനായ ആദര്‍ശിന്‍റെ തിരുവനന്തപുരം പോത്തന്‍കോടുള്ള വാടകകെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും സ്ഫോടകവസ്കുകള്‍ പിടിച്ചെടുത്തു. അനധികൃതമായാണ് ഇവ സൂക്ഷിച്ചതെന്നും പൊലീസ് അറിയിച്ചു. 

മദ്യം നൽകുന്നതിലെ തർക്കം, പിന്നാലെ വെടിവെയ്പ്പ്, കൊച്ചിയിലെ ബാറിന് മുന്നിലെ ആക്രമണത്തിൽ 3 പേർ അറസ്റ്റിൽ

 

Latest Videos
Follow Us:
Download App:
  • android
  • ios