Asianet News MalayalamAsianet News Malayalam

കോൺസുലേറ്റ് സ്വർണ തട്ടിപ്പ്; യുഎഇ മലയാളികളും സംഘത്തിൽ; ഉടൻ നാട്ടിലെത്തിക്കും

നയതന്ത്ര ബാ​ഗിൽ സ്വർണം വയ്ക്കുന്നത് ഈ സംഘമാണ്. ഇവരെ പിടികൂടി നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

trivandrum airport gold smuggling case more uae keralites inciuded
Author
Cochin, First Published Jul 6, 2020, 2:37 PM IST

കൊച്ചി: യുഎഇ കോൺസുലേറ്റ് സ്വർണതട്ടിപ്പിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടതായി വിവരം. യുഎഇയിലെ ചില മലയാളികൾ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായി കസ്റ്റംസ് അറിയിച്ചു. നയതന്ത്ര ബാ​ഗിൽ സ്വർണം വയ്ക്കുന്നത് ഈ സംഘമാണ്. ഇവരെ പിടികൂടി നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം നടക്കുന്നത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരയായ സ്വപ്ന സുരേഷിനെക്കുറിച്ചുളള വിവരങ്ങൾ കസ്റ്റംസ് ഇന്ന് പുറത്തുവിട്ടിരുന്നു.

യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥയായിരുന്ന ഇവർ ഇപ്പോൾ  ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണെന്നും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. 

സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. കള്ളക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. കോൺസുലേറ്റ് പിആർഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് സരിത് തട്ടിപ്പിനായി ഉപയോ​ഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. കോൺസുലറ്റിൽ നിന് പുറത്തായ ശേഷം സരിത് വ്യാജ  തിരിച്ചറിയൽ കാർഡുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നാണ് വിവരം. കേസിൽ കസ്റ്റംസ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് രാവിലെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 

സരിത്തിനൊപ്പം സ്വപ്നയും തിരുവനന്തപുരത്തെ യുഎഇ കോൺസുലറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോൾ തന്നെ ഇരുവരും ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.  പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ ഇരുവരെയും കോൺസുലേറ്റിൽ നിന്ന് മാറ്റി. എന്നാൽ പിന്നീടും ഇവർ കള്ളക്കടത്ത് തുടർന്നു.  വിമാനത്താവളത്തിൽ ബാഗ് എത്തിയാൽ ക്ലിയറിംഗ് ഏജന്റിന് മുന്നിൽ വ്യാജ ഐഡി കാർഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്.

തട്ടിപ്പിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല. നയതന്ത്ര ബാഗാണ് എന്നതിനുള്ള അറ്റഷെ ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. ഈ സാഹചര്യത്തിൽ കോൺസുലേറ്റിലെ ചിലർക്കും തട്ടിപ്പിൽ പങ്കുണ്ടാകമെന്ന്  കസ്റ്റംസ് സംശയിക്കുന്നു. സ്വപ്ന സുരേഷിനെ കൂടി പിടി കിട്ടിയാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരൂ. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ  ഉന്നത ബന്ധങ്ങൾ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വർണം ആർക്കെല്ലാമാണ് നൽകിയത് എന്നതും അന്വേഷണ പരിധിയിലാണ്.

അതേ സമയം സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് നിഷേധിച്ചു.  ദുബൈയിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓ‍ർഡർ നൽകിയിരുന്നതെന്നും കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചത്.

Read Also: കരിപ്പൂരിൽ അരക്കോടി രൂപയുടെ സ്വർണ്ണം പിടികൂടി...
 

Follow Us:
Download App:
  • android
  • ios