Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത്; മുഖ്യ ആസൂത്രക സ്വപ്ന സുരേഷ്; ഐടി വകുപ്പ് ഉദ്യോ​ഗസ്ഥ

യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണ് കള്ളക്കടത്തിന് പിന്നിലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇവർ ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്

trivandrum airport gold smuggling case swapna suresh is main accused says customs
Author
Cochin, First Published Jul 6, 2020, 1:08 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയുടെ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടു. യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണ് കള്ളക്കടത്തിന് പിന്നിലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇവർ ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണെന്നും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. 

സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. കള്ളക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോൺസുലേറ്റ് പിആർഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് സരിത് തട്ടിപ്പിനായി ഉപയോ​ഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. 15 കോടിയുടെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് രാവിലെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സരിത്തിനെ കൂടാതെ സ്വപ്ന ഉൾപ്പടെയുള്ള അഞ്ച് പ്രതികളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം. അതേ സമയം സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് നിഷേധിച്ചു.  ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓ‍ർഡർ നൽകിയിരുന്നതെന്നും കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചു.

 

Read Also: തിരുവനന്തപുരത്ത് കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തും; രോഗികളുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമം...

 

Follow Us:
Download App:
  • android
  • ios