പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് യുവതി ബിന്ദു 20 മണിക്കൂർ കസ്റ്റഡിയിൽ മാനസിക പീഡത്തിനിരയാക്കിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി തിരുവനന്തപുരം കമ്മീഷണർ.
തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് യുവതി ബിന്ദു 20 മണിക്കൂർ കസ്റ്റഡിയിൽ മാനസിക പീഡത്തിനിരയാക്കിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി തിരുവനന്തപുരം കമ്മീഷണർ. അസിസ്റ്റന്റ് കമ്മീഷണറോടാണ് ആഭ്യന്തര അന്വേഷണത്തിന് നിർദേശിച്ചത്. പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ. 3 ദിവസം മാത്രമാണ് ബിന്ദു ഇവിടെ ജോലിക്ക് നിന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് ഇവരെ സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്. അസിസ്റ്റന്റ് കമ്മീഷണർ ബിന്ദുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. റിപ്പോർട്ടിൻമേൽ അടിയന്തര നടപടിക്കും ഇന്ന് തന്നെ കമ്മീഷണർ നിർദേശിച്ചേക്കുമെന്നും സൂചനയുണ്ട്.
മാല മോഷണം ആരോപിച്ച് പേരൂർക്കട പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പൊലീസ് മണിക്കൂറുകളോളം പീഡിപ്പിച്ചു. മാല മോഷ്ടിച്ചില്ലെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും ചെയ്തു. ഏറ്റവുമധികം പീഡിപ്പിച്ചത് പ്രസന്നൻ എന്ന ഉദ്യോഗസ്ഥൻ. വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിൽ പോയി കുടിക്കാൻ ഈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി മുഴുവൻ ചോദ്യം ചെയ്തു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്റെ നിറവും ജാതിയുമാണ് ക്രൂരമായ പീഡനത്തിന് കാരണമായതെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


