കൊച്ചി: ഫൈസൽ ഫരീദിനായി ബ്ലൂ കോണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് അപേക്ഷ നൽകും. ഇന്റർപോളിന്‍റെ സഹായത്തോടെ നോട്ടീസ് നല്‍കി പിടികൂടാനാണ് നീക്കം. സിബിഐ മുഖേന നോട്ടീസ് നൽകുവാനാണ് ശ്രമം. ഇതിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ കസ്റ്റംസ് ഉടൻ അപേക്ഷ നൽകും. 

തൃശ്ശൂർ മൂന്നുപീടികയിലെ ഫൈസലിന്‍റെ വീടിന് മുന്നിൽ എൻഐഎ ഇന്നലെ അറസ്റ്റ് വാറണ്ട് പതിച്ചിരുന്നു. ഫൈസലിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്വർണ്ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് എൻഐഎ. ഫൈസൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. 

ദുബായിയിൽ നിരീക്ഷണത്തിലാക്കിയ ഇയാളെ വൈകാതെ തന്നെ രാജ്യത്തേക്ക് അയക്കുമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ. നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇന്‍റര്‍പോൾ മുഖാന്തിരം ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസും നടപടി തുടങ്ങിയത്.