5 പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചാണെന്നാണ് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതം. പ്രതി അഫാന്റെ മാനസിക നില പരിശോധിക്കും.
തിരുവനന്തപുരം : തലസ്ഥാനത്തെ കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. 23 വയസുകാരൻ അഫാൻ ബന്ധുക്കളും കാമുകിയുമടക്കം അഞ്ച് പേരെയാണ് തലക്കടിച്ച് കൊലപ്പെടുത്തിയത്. 5 പേരെയും കൊന്നത് ഒരേ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണെന്നാണ് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതമുണ്ട്. ചുറ്റിക അഫാൻ വാങ്ങിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതി അഫാന്റെ മാനസിക നില പരിശോധിക്കും. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതി പ്രകടിപ്പിക്കുന്നുണ്ട്. അമ്മൂമ്മയെ കൊലപ്പെടുത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് പണയം വച്ച് പൈസ വാങ്ങിയെന്നാണ് പ്രതിയുടെ മൊഴി. വെഞ്ഞാറമൂടിലെ പണമിടപാട് സ്ഥാപനത്തിൽ അഫാൻ ഇടപാട് നടത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകൾ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.
അഫാൻ ആദ്യം നൽകിയ വിവരം മാത്രമേ പൊലീസിനുള്ളു. അത് മുഴുവൻ മുഖവിലക്ക് എടുക്കാനാകില്ലെന്നാണ് പൊലീസ് വാദം. അതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വിശദമായ ചോദ്യം ചെയ്യും. റൂറൽ എസ് പിയുടെ നേതൃത്വത്തിൽ മൂന്ന് ഡിവൈഎസ്പിമാർക്കാണ് കേസിന്റെ അന്വേഷണത്തിന് ചുമതല. 4 സി ഐമാരുടെയും പ്രത്യേക സംഘവും അന്വേഷണത്തിനുണ്ടാകും.
തിരുവനന്തപുരത്തെ കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി
അഫാൻ എന്ന 23 കാരൻ സ്വന്തം സഹോദരനെയും പ്രായമായ മുത്തശ്ശിയേയും അടക്കം അഞ്ച് പേരെ ക്രൂരമായി കൊന്നത് സാമ്പത്തിക കാരണങ്ങൾകൊണ്ട് മാത്രമെന്ന് പൊലീസ് കരുതുന്നില്ല. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് ഇതിനോടകം കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. മൂന്ന് സ്റ്റേഷൻ പരിധികളിലായി നടന്ന കൊലപാതകങ്ങൾ വ്യത്യസ്ത സംഘങ്ങളായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്.
കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രതി അഫാന്റെ സഹോദരന്‍ അഫ്സാന്റെ തലയ്ക്ക് ചുറ്റും മുറിവുകളുണ്ട്. തുടർച്ചയായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായിട്ടാണ് പ്രഥമിക നിഗമനം. തലയുടെ ഒരു വശത്ത് ടി മോഡലിലാണ് മുറിവ്. മൂന്ന് മുറിവുകളും ആഴത്തിലുള്ളത്. ചെവിയിലും മുറിവുണ്ട്. അഫാൻ്റെ പെണ്‍ സുഹൃത്ത് ഫർസാനയുടെ നെറ്റിയിലാണ് മുറിവുള്ളത്. ഈ മുറിലും ഏറെ ആഴത്തിലാണ്. അഫാൻ്റെ മുത്തശ്ശി സൽമാബീവിയുടെ തലയുടെ പിൻഭാഗത്ത് മാരകമായ പരിക്കുണ്ട്.

