തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊവിഡ് 19 രോഗബാധ സംശയിക്കുന്നു. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവാണ്. അന്തിമ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് വെളളനാട് സ്വദേശിയായ യുവാവ്. ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് രണ്ട് ദിവസം മുൻപ് യുവാവ് തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിൽ നിന്ന് യുവാവ് നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്.

എന്നാൽ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തതിനാൽ തിരിച്ചയയ്ക്കുകയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു. കുളിക്കുമ്പോൾ പനിലക്ഷണം തോന്നിയതോടെ ഇയാൾ ദിശ നമ്പറിൽ വിളിച്ചറിയിച്ചു. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിൾ ആലപ്പുഴ ലാബിൽ അയച്ചിരിക്കുകയാണ്. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോകും വഴി ഇയാൾ സമീപത്തെ ഒരു ജ്യൂസ് കടയിൽ കയറിയതായി വിവരം കിട്ടിയിട്ടുണ്ട്. ഇയാളുമായി സമ്പര്‍ക്കം പുലർത്തിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന എല്ലാവരെയും മെഡിക്കൽ കോളേജിൽ തന്നെ നിരീക്ഷണത്തിൽ വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ആശുപത്രിയിൽ അഞ്ചുപേരും വീട്ടിൽ 160 പേരുമാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉളളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തൃശ്ശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് റാന്നി സ്വദേശികള്‍  യാത്രചെയ്‍ത വിമാനത്തില്‍ ഉണ്ടായിരുന്നയാളാണ്. തൃശ്ശൂരിലെ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാള്‍. യുവാവിന്‍റെ ആരോഗ്യനില തൃപ്‍തികരമാണെന്ന് കളക്ടര്‍ അറിയിച്ചു. മാർച്ച് 7നാണ് ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾ പങ്കെടുത്ത പൊതുപരിപാടികൾ പരിശോധിക്കും. കൂടാതെ ഇയാളുമായി ബന്ധം ഉണ്ടായവരെ നിരീക്ഷിക്കും. ഇയാളൊരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. 

കണ്ണൂരില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തി ഇയാള്‍ രക്തസാമ്പിള്‍ നല്‍കിയിരുന്നു. എന്നാല്‍ പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാളെ വീട്ടിലേക്ക് വിടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 
 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...