ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബിന്റെ എൻഡിഎ പ്രവേശനത്തോടെ അദ്ദേഹം ബിജെപി ഏജന്റാണെന്ന് തെളിഞ്ഞതായി സിപിഎം. ട്വന്റി 20 പിന്തുണയോടെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചി: സാബു ജേക്കബ്‌ ബിജെപി ഏജന്റാണെന്ന വിലയിരുത്തൽ ശരിയായിരുന്നെന്ന്‌ അദ്ദേഹത്തിന്റെ എൻഡിഎ പ്രവേശത്തോടെ എല്ലാവർക്കും ബോധ്യമായെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ . ട്വന്റി20 പിന്തുണയിൽ വടവുകോട്‌ പുത്തൻകുരിശ്‌ പഞ്ചായത്ത്‌ ഭരിക്കുന്ന കോൺഗ്രസ് ഇ‍ൗ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളിതുവരെ ബിജെപിക്കെതിരെ യാതൊരു വിമർശനവും ഉന്നയിക്കാൻ സാബു ജേക്കബ്‌ തയാറായിട്ടില്ല. കേരളത്തിൽ അപ്രസക്തമായ ബിജെപിയെക്കുറിച്ച് എന്ത് പറയാൻ എന്നാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും സാബു ജേക്കബ് ചോദിച്ചത്. തദ്ദേശതെരഞ്ഞെടുപ്പിലൂടെ ട്വന്റി 20 കൂടുതൽ തുറന്നു കാട്ടപ്പെട്ടു. ജില്ലയിൽ വലിയ നേട്ടമുണ്ടാക്കുമെന്നായിരുന്നു അവകാശവാദം. എന്നാൽ വലിയ തിരിച്ചടിയാണുണ്ടായത്‌. അവർ അധികാരത്തിൽ എത്തിയ ഒരിടത്തും വികസനമില്ലാതിരുന്നത്‌ ജനങ്ങൾ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി20 പിന്തുണയോടെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത്‌ ഭരിക്കുന്ന കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന അവർ ട്വന്റി20യുടെ പ്രതിനിധികളായാണ്‌ വിജയിച്ചു വന്നത്. അവരുടെ പിന്തുണ ഉപേക്ഷിക്കാനോ, രാജിവച്ച് ജനവിധി തേടാനോ തയ്യറാകുമോ എന്ന് വ്യക്തമാക്കണം. കുന്നത്തുനാട് മതനിരപേക്ഷമായി ചിന്തിക്കുന്നവരുടെ നാടാണ്. ഈ ക്രിസ്‌തുസ് കാലത്ത് പോലും ക്രിസ്തീയവിഭാഗത്തെ കടന്നാക്രമിച്ച ബിജെപിയോടോപ്പം ചേരാനുള്ള ട്വന്റി20 തീരുമാനത്തിനെതിരെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർ ശക്തമായി പ്രതികരിക്കുമെന്നും എസ്‌ സതീഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു.