മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 2 ക്ലാര്‍ക്ക്, 4 ഹോസ്പിറ്റര്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. എത്രയും വേഗം നടപടിക്രമങ്ങള്‍ പാലിച്ച് ഇവരെ നിയമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കോഴിക്കോട് കുതരിവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കായി 20 വാച്ച്മാന്‍ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഇത്രയും വാച്ച്മാന്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഇതുകൂടാതെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 2 ക്ലാര്‍ക്ക്, 4 ഹോസ്പിറ്റര്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. എത്രയും വേഗം നടപടിക്രമങ്ങള്‍ പാലിച്ച് ഇവരെ നിയമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ 400 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കി ആദ്യ ഘട്ടത്തില്‍ 100 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
സിവിക് ചന്ദ്രൻ കേസ്: കോടതി പരാമർശം വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് സിപിഎം
തിരുവനന്തപുരം: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ് നല്‍കുവാന്‍ കോടതിക്ക് അവകാശമുണ്ട്. എന്നാല്‍ ഈ കേസില്‍ പരാതിക്കാരിയുടെ വസ്‌ത്ര ധാരണത്തെക്കുറിച്ച് നടത്തിയ കോടതിയുടെ പരാമര്‍ശം സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരം കേസുകളുടെ വിചാരണയില്‍ കോടതി നടപടികൾ അതിജീവിതയ്ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്.
പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകന്‍ ക്രോസ് വിസ്‌താരം നടത്തുമ്പോൾ പോലും അവരെ അവഹേളിക്കുന്ന ചോദ്യങ്ങളോ, പരാമര്‍ശങ്ങളോ ഉണ്ടാകരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കെയാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന് ഉറപ്പ് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണ് വസ്‌ത്ര ധാരണത്തെ സംബന്ധിച്ചുള്ള കോടതി പരാമര്‍ശമെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നുണ്ട്.
