Asianet News MalayalamAsianet News Malayalam

മാറി മറിഞ്ഞ സ്ഥാനാര്‍ഥിത്വം, സസ്പെന്‍സ് നിലനിര്‍ത്തി പ്രഖ്യാപനം; ലെനിന്‍ സെന്‍ററില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

ഒരു മണിക്ക് യോഗം തീര്‍ന്നെങ്കിലും പല ഘടകകക്ഷി നേതാക്കളും ലെനിന്‍ സെന്‍റര്‍ പരിസരത്തു തന്നെ തുടര്‍ന്നു. സ്ഥാനാര്‍ഥിയാരെന്നറിയാനുളള ഉദ്വേഗം തന്നെയായിരുന്നു കാരണം

twist in thrikkakara by election ldf candidate 
Author
Kochi, First Published May 5, 2022, 9:11 PM IST

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ആസ്ഥാനമായ കലൂര്‍ ലെനിന്‍ സെന്‍ററില്‍ ബുധനാഴ്ച സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെയാണ് ഡിവൈഎഫ്ഐ നേതാവ് കെ എസ് അരുണ്‍കുമാറായിരിക്കും സ്ഥാനാര്‍ഥിയെന്ന സൂചനകള്‍ പുറത്തു വന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും അരുണ്‍കുമാറിനായി അണികള്‍ ചുവരെഴുത്തു തുടങ്ങിയിരുന്നു. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗമായ പി വി ശ്രീനിജന്‍ എംഎല്‍എ തന്നെ അരുണിനായി വോട്ട് അഭ്യര്‍ഥിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമിട്ടു. എന്നാല്‍ ഇതിനെല്ലാം ശേഷമായിരുന്നു ട്വിസ്റ്റുകളുടെയും സസ്പെന്‍സുകളുടെയും തുടക്കം. അരുണ്‍കുമാറിന്‍റെ പേര് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും എല്ലാം മാധ്യമ സൃഷ്ടി മാത്രമെന്നുമുളള അവകാശവാദവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തന്നെ രംഗത്തു വന്നു. ജില്ലാ എല്‍ഡിഎഫ് യോഗത്തിലടക്കം വിശദമായ ചര്‍ച്ചയ്ക്കു ശേഷം മാത്രമേ സ്ഥാനാര്‍ഥിയെ തീരുമാനിക്കൂ എന്നും ഇപി പറഞ്ഞിരുന്നു. ഇതോടെയാണ് വ്യാഴാഴ്ചത്തെ എല്‍ഡിഎഫ് ജില്ലാ നേതൃയോഗത്തിന് പ്രാധാന്യം കൈവന്നത്.

രാവിലെ പതിനൊന്നു മണിയോടെ തന്നെ ഇടതുമുന്നണി ഘടകകക്ഷികളുടെ ജില്ലാ നേതാക്കള്‍ കലൂരിലെ ലെനിന്‍ സെന്‍ററിലെത്തി. പതിനൊന്നരയോടെ യോഗം തുടങ്ങി. ഏതാണ്ട് ഒരു മണിയോടെ യോഗം കഴിഞ്ഞപ്പോഴേക്കും ഒരു കാര്യം വ്യക്തമായിരുന്നു. അരുണ്‍ കുമാര്‍ എന്ന പേരിനൊപ്പം മറ്റൊരു പേര് കൂടി ഇടതുമുന്നണി ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ ആര് ? കൃത്യമായ സൂചകളൊന്നും പുറത്തേക്കു വന്നില്ല. മന്ത്രി പി രാജീവും സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും യോഗത്തിനിടെ ഒരു കാറില്‍ പുറത്തേക്ക് പോവുക കൂടി ചെയ്തതോടെ ഉദ്വേഗം ഉയര്‍ന്നു.

ജില്ലാ നേതൃയോഗം കഴിഞ്ഞ് പുറത്തേക്കു വന്ന സിപിഐ നേതാക്കളടക്കം ഇടതുമുന്നണി ഘടകക്ഷി നേതാക്കള്‍ക്കാര്‍ക്കും ആരാകും സ്ഥാനാര്‍ഥിയെന്നതിനെ പറ്റി ഒരു സൂചനയും ഉണ്ടായിരുന്നില്ല. വൈകുന്നേരം അഞ്ചു മണിക്കകം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും വൈകാതെ അറിയിക്കാമെന്നും മാത്രമാണ് ഘടകകക്ഷി നേതാക്കളോടും സിപിഎം നേതൃത്വം പറഞ്ഞത്. പുറത്തിറങ്ങിയ പ്രമുഖ ഘടകകക്ഷി നേതാക്കളിലൊരാള്‍ ഇങ്ങനെ പറഞ്ഞു.

'സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനിച്ചിട്ടില്ല. അതാരായാലും തിങ്കളാഴ്ച നോമിനേഷന്‍ കൊടുക്കും. പന്ത്രണ്ടാം തീയതി മുഖ്യമന്ത്രി എത്തി കണ്‍വെന്‍ഷനും നടക്കും'

ഒരു മണിക്ക് യോഗം തീര്‍ന്നെങ്കിലും പല ഘടകകക്ഷി നേതാക്കളും ലെനിന്‍ സെന്‍റര്‍ പരിസരത്തു തന്നെ തുടര്‍ന്നു. സ്ഥാനാര്‍ഥിയാരെന്നറിയാനുളള ഉദ്വേഗം തന്നെയായിരുന്നു കാരണം. അതൃപ്തരായ ചില കോണ്‍ഗ്രസ് നേതാക്കളുടെ പേരും സിപിഎമ്മുമായി ചേര്‍ന്നു നില്‍ക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ പേരുമെല്ലാം ഇതിനിടയില്‍ സാധ്യതകളായി ഘടകകക്ഷി നേതാക്കള്‍ തന്നെ പങ്കുവയ്ക്കുന്നുമുണ്ടായിരുന്നു.

അരുണ്‍കുമാറിന്‍റെ പേര് ചോര്‍ന്നതു കൊണ്ടു തന്നെ അതീവ ജാഗ്രതയിലായിരുന്നു സിപിഎം നേതൃത്വം. അതുകൊണ്ടു തന്നെയാണ് ഘടകകക്ഷി നേതാക്കളില്‍ നിന്നു പോലും സ്ഥാനാര്‍ഥിയുടെ പേര് മറച്ചു വച്ചത്. ഏതാണ്ട് രണ്ടേമുക്കാലോടെ ലെനിന്‍ സെന്‍ററില്‍ നിന്ന് അറിയിപ്പെത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മൂന്നേ കാലിന് മാധ്യമങ്ങളെ കാണും. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. പക്ഷേ ആരാകും സ്ഥാനാര്‍ഥി. ഇ.പിയുടെ വാര്‍ത്താ സമ്മേളനം നടക്കുന്ന ലെനിന്‍ സെന്‍ററിന്‍റെ മൂന്നാം നിലയില്‍ മുറിയില്‍ ഈ ചോദ്യം ഉത്തരം കിട്ടാതെ നിറഞ്ഞു നിന്നു.

ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ ഇ പിയുടെ വാക്കുകള്‍ കേള്‍ക്കാനായി വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം കാത്തു നിന്നു. നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥിയും ഹാളിലേക്ക് എത്തുമെന്നായിരുന്നു ആദ്യം പുറത്തു വന്ന സൂചന. പക്ഷേ വാര്‍ത്താ സമ്മേളനത്തിനായി ഇ പിയും, പി രാജീവും, എം സ്വരാജും പിന്നെ സി എന്‍ മോഹനനും മാത്രം എത്തി. സസ്പെന്‍സ് തുടര്‍ന്നു. ഒടുവില്‍ വാര്‍ത്താ സമ്മേളനം തുടങ്ങി ഏതാണ്ട് അഞ്ചു മിനിട്ടോളം പിന്നിട്ടപ്പോള്‍ ഇ പിയുടെ പ്രഖ്യാപനമെത്തി. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജോ ജോസഫാകും സ്ഥാനാര്‍ഥിയെന്ന്. പ്രഖ്യാപനം കാത്തു നിന്ന ഘടകക്ഷി നേതാക്കളെയടക്കം ഞെട്ടിച്ച പ്രഖ്യാപനം. ചിലരെങ്കിലും പരസ്പരം സ്ഥാനാര്‍ഥിയെ പറ്റി ചോദിച്ചു. ചിലര്‍ ഫെയ്സ്ബുക്കില്‍ തിരഞ്ഞു. അപ്പോഴേക്കും സ്ഥാനാര്‍ഥിയുടെ പേരും ചിത്രവും അച്ചടിച്ച കാര്‍ഡ് തന്‍റെ മൊബൈല്‍ ഫോണില്‍ എം സ്വരാജ് മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു. ലെനിന്‍ സെന്‍ററിലേക്ക് സ്ഥാനാര്‍ഥി എത്തില്ലെന്നും ലിസി ആശുപത്രിയിലാകും സ്ഥാനാര്‍ഥി മാധ്യമങ്ങളെ കാണുകയെന്നും ഇ പി വ്യക്തമാക്കിയതോടെ ശ്രദ്ധയത്രയും അവിടേക്കു മാറി.

Latest Videos
Follow Us:
Download App:
  • android
  • ios