Asianet News MalayalamAsianet News Malayalam

യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; രണ്ട് പ്രതികൾ കൂടി കീഴടങ്ങി

ആകെ 19 പ്രതികളാണ് കേസിൽ ഉള്ളത്. യൂണിവേഴ്സിറ്റി കോളജിലെ അഖിൽ ചന്ദ്രനെന്ന വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 

two accused surrendered in trivandrum university college case
Author
Thiruvananthapuram, First Published Oct 15, 2019, 9:52 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിൽ രണ്ട് പ്രതികൾ കൂടി ഇന്ന് കീഴടങ്ങി. പൂന്തുറ സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം, പേയാട് സ്വദേശിയായ നന്ദകിഷോർ എന്നിവരാണ് കീഴടങ്ങിയത്. ഇബ്രാഹിം ഏഴാം പ്രതിയും നന്ദകിഷോർ പതിനാറാം പ്രതിയുമാണ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇരുവരും തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

ഈ മാസം ആദ്യം പതിനൊന്നാം പ്രതി  രഞ്ജിത്ത്, പതിമൂന്നാം പ്രതി നിധിൻ എന്നിവരും കീഴടങ്ങിയിരുന്നു. ആകെ 19 പ്രതികളാണ് കേസിൽ ഉള്ളത്. യൂണിവേഴ്സിറ്റി കോളജിലെ അഖിൽ ചന്ദ്രനെന്ന വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 

ജൂലൈ ആദ്യവാരമാണ് യൂണിവേഴ്‍സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നത്.

കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios