പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിലെ അസ്ഥി വിഭാഗം ഡോക്ടർക്ക് കൊവിഡ് ബാധിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. അടൂർ മുണ്ടപ്പള്ളി സ്വദേശി പ്രദീപ്, കോട്ടപ്പിടി സ്വദേശി അമൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, സമ്പർക്ക രോഗ വ്യാപന സാധ്യത മുന്നിൽ കണ്ട് അടൂർ നഗരസഭയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചില്ലെങ്കിലും സമാനമായ നിയന്ത്രണങ്ങളാണ് നഗരസഭയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അടൂർ താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർക്കും നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇവരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

നഗരസഭയിലെ 24, 26 വാർഡുകൾ കഴിഞ്ഞ ദിവസം കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട നഗരസഭയിലേത് പോലെ ഒരു ലാർജ് ക്ലസ്റ്റർ ഉണ്ടാകുന്നുള്ള സാഹചര്യം ഒഴിവാക്കാനാണ് അടൂര്‍ നഗരസഭയിൽ മുഴുവൻ ഒരാഴ്ചത്തേക്ക് കണ്ടയ്മെൻ്റ് സോണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നഗരസഭയിലേക്ക് പ്രവേശിക്കുന്ന എല്ലാ അതിർത്തികളും പൂർണമായും അടച്ചു.

അടൂർ കെഎസ്ആർടിസി ഡിപ്പോയും പൂർണമായും അടച്ചു. മറ്റ് ഡിപ്പോകളിൽ നിന്നെത്തുന്ന ബസുകൾ നഗരത്തിലേക്ക് കടക്കാതെ ബൈപ്പാസിലെ മുനിസിപ്പൽ സ്റ്റാൻഡിലേക്ക് വഴി തിരിച്ച് വിടും. ഓട്ടോ, ടാക്സി എന്നിവ സ്റ്റാൻഡിൽ കിടന്ന് ഓടാൻ അനുവദിക്കില്ല. മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള അവശ്യ സർവീസുകൾ തുറന്ന് പ്രവർത്തിക്കും. അതേസമയം ,പത്തനംതിട്ട നഗരസഭയിലെ ലാർജ് ക്ലസ്റ്ററിൽ രോഗികളുടെ എണ്ണം കുറഞ്ഞതും തുകലശ്ശേരിയിലെ ഇൻസ്റ്റിറ്റൂഷണൽ ക്ലസ്റ്ററിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതും ആശ്വാസമാകുന്നു. ഇവിടെ നടത്തിവന്നിരുന്ന റാപ്പിഡ് ആൻ്റിജൻ പരിശോധന തത്കാലം നിർത്തി.