ഒരു സ്‌കോർപ്പിയോയിലും ഇന്നോവയിലുമായി എത്തിയ എട്ടംഗ സംഘമാണ് പണം കവർന്നത്.

ഹരിപ്പാട് : ദേശീയപാതയിൽ രാമപുരത്ത് പാഴ്‌സൽ കമ്പനിയുടെ വാഹനം തടഞ്ഞ് നിർത്തി മൂന്ന് കോടി 24 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ തിരുകുമാർ (37), ചന്ദ്രബോസ് (32) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ ഇനി ഏഴ് പേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടുട്ടുണ്ടോ എന്ന് അറിയാൻ കഴിയുകയുള്ളു. സതീഷ്, ദുരൈ അരസ് എന്നിവരാണ് പണം കവർച്ച ആസൂത്രണം ചെയ്തത്. ഇവരെ പിടികൂടാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ അറസ്റ്റിലായ തിരുകുമാറാണ് വാഹനത്തിന്‍റെ രജിസ്‌ട്രേഷൻ റെഡിയാക്കി കൊടുത്തത്. ചന്ദ്രബോസ് കവർച്ച സംഘത്തിൽ ഉൾപ്പെട്ടയാളാണ്. കൊല്ലത്ത് താമസിക്കുന്ന അപ്പാസ് പാട്ടീൽ എന്നയാൾക്ക് കോയമ്പത്തൂരിലുള്ള ബന്ധു നമ്പർ വൺ പാഴ്‌സൽ സർവീസിന്‍റെ ലോറിയിൽ കൊടുത്തു വിട്ട പണമാണ് 13-ന് പുലർച്ചെ നാലരയ്ക്ക് കവർന്നത്. ഒരു സ്‌കോർപ്പിയോയിലും ഇന്നോവയിലുമായി എത്തിയ എട്ടംഗ സംഘമാണ് പണം കവർന്നത്. അതിന് ശേഷം ഇവർ തിരുപ്പൂരിലേക്ക് കടന്നു സി.സി.ടി.വി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ വന്ന വാഹനത്തിന്‍റെ നമ്പർ കിട്ടിയത്. ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നയുടൻ വാഹനത്തിന്റെ നമ്പർ മാറ്റുകയും ചെയ്തു.

മോഷ്ടാക്കൾ എല്ലാം തിരുപ്പൂർ, കുംഭകോണം, തിരുവള്ളുർ പ്രദേശങ്ങളിലുള്ളവരാണ്. ഇവർ കോയമ്പത്തൂരിൽ എത്തിയാണ് മോഷണം ആസൂത്രണം ചെയ്തത്. കവർച്ച ആസൂത്രണം ചെയ്തതിൽ ഒരാളായ ദുരൈ അരസ് ദേശീയപാർട്ടിയുടെ പോഷക സംഘടന നേതാവ് കൂടിയാണ്. ഇയാൾക്ക് കുംഭകോണത്ത് തുണി വ്യവസായമുണ്ട്. കേസിൽ ഉൾപ്പെട്ടവർ നേരത്തെയും സമാനമായ കേസുകളിൽ പ്രതികളാണ്. കവർച്ച ചെയ്ത പണത്തിൽ അഞ്ച് ലക്ഷം രൂപ തിരുകുമാറിനും ചന്ദ്രബോസിനും നൽകി. ഇതിൽ ഒന്നര ലക്ഷത്തോളം രൂപ ഇവർ പളനിക്ഷേത്രത്തിൽ ചിലവഴിച്ചു. കേസിൽ രണ്ട് പേരെ പിടികൂടിയത് അറിഞ്ഞ് മറ്റുള്ളവർ ഒളിവിൽ പോയി.

YouTube video player