മലപ്പുറത്ത് കിണർ നിർമ്മാണത്തിനിടെ മുകൾഭാഗത്തെ മതിൽക്കെട്ട് തകർന്ന് രണ്ട് തൊഴിലാളികൾ കിണറ്റിൽ കുടുങ്ങി. തമിഴ്‌നാട് സ്വദേശികളായ കുമരേശൻ, സതീശ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഫയർ ആൻഡ് റെസ്‌ക്യൂ സംഘം അതിസാഹസികമായി ഇവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം: കിണര്‍ നിര്‍മ്മാണത്തിനിടെ മുകള്‍ഭാഗത്തെ ആള്‍മറ തകര്‍ന്നുവീണ് കിണറ്റിനുള്ളില്‍ കുടുങ്ങിയ രണ്ട് നിര്‍മാണ തൊഴിലാളികളെ മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളായ കുമരേശന്‍ (33), സതീശ് (30) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇരുവരെയും പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. കുറുവ പൊരുന്നുംപറമ്പില്‍ അഷ്‌റഫിന്റെ വീട്ടുവളപ്പില്‍ കിണര്‍ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് അപകടം. കിണറിന്റെ മുകള്‍ഭാഗത്തുണ്ടായിരുന്ന ഒറ്റവരി മതില്‍ക്കെട്ട് അപ്രതീക്ഷിതമായി തകര്‍ന്നുവീഴുകയായിരുന്നു.

കിണര്‍ കുഴിച്ചെടുത്ത മണ്ണ് മതിലിനോട് ചേര്‍ന്ന് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മണ്ണിന്റെ അധികഭാരം താങ്ങാനാകാതെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. മതില്‍ തകര്‍ന്നതോടെ കല്ലുകളും മണ്ണും കിണറ്റിനുള്ളിലേക്ക് പതിച്ചു. താഴെ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് ഇവ വീണത്. ഇടിഞ്ഞ കല്ലുകള്‍ക്കിടയില്‍പ്പെട്ട സതീശിന്റെ വലതുകാലിന്റെ പാദത്തിന് പൊട്ടലേറ്റു. സാരമായ പരുക്കേറ്റ ഇയാള്‍ക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരുക്കുണ്ട്. കുമരേശനും തോളെല്ലിന് ഉള്‍പ്പെടെ പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

അപകട നടന്നതറിഞ്ഞ് മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം ഉടന്‍ സ്ഥലത്തെത്തി. കിണറിന്റെ മുകള്‍ഭാഗത്ത് അപകടകരമായ നിലയില്‍ അവശേഷിച്ചിരുന്ന മതില്‍ക്കെട്ടിന്റെ ഭാഗങ്ങള്‍ ആദ്യം നീക്കം ചെയ്തു. കൂടുതല്‍ കല്ലുകളും മണ്ണും താഴേക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് കിണറ്റിനുള്ളിലേക്ക് ഇറങ്ങാന്‍ സുരക്ഷിതമായ സാഹചര്യം ഒരുക്കി. സേഫ്റ്റി ബോഡി ഹാര്‍ണസും കയറുകളും ഉപയോഗിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി. സേഫ്റ്റി നെറ്റിന്റെ സഹായത്തോടെ തൊഴിലാളികളെ മുകളിലേക്ക് എത്തിച്ചു. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.