Asianet News MalayalamAsianet News Malayalam

എറണാകുളത്ത് രണ്ട് കണ്ടെയ്നർ പഴകിയ മീൻ പിടികൂടി

മീൻ സൂക്ഷിച്ച ലോറിയിൽ രണ്ട് ദിവസമായി ശീതികരണ സംവിധാനം പ്രവർത്തിച്ചിരുന്നില്ല. പഴകിയ മീൻ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തുവെന്നാണ് വിവരം.  

two containers of rotten fish seized from maradu ernakulam apn
Author
First Published Feb 6, 2023, 1:50 PM IST

കൊച്ചി : എറണാകുളം മരടിൽ നിർത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്ന‌റുകളിൽ നിന്ന് പുഴുവരിച്ച മീൻ പിടികൂടി. നാട്ടുകാരുടെ പരാതിയെ തുടർന്ന് മരട് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 164 പെട്ടി ചീഞ്ഞ മീൻ കണ്ടെത്തിയത്. വിവാദമായതോടെ ആന്ധ്രാപ്രദേശിൽ നിന്ന് മീൻ കൊണ്ടുവന്ന ഡ്രൈവർമാർ സ്ഥലത്ത് നിന്ന് മുങ്ങി. മരടിൽ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറുകളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പരാതിപ്പെട്ടത്. ഇതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ മരട് നഗരസഭ വിഭാഗം ജീവനക്കാർ കണ്ടെയ്നർ തുറന്നതോടെ ഞെട്ടി. രണ്ട് കണ്ടെയ്നറുകളിൽ നിന്ന് പുറത്തേക്ക് പുഴുവരിക്കുകയാണ്. ചീഞ്ഞ മീനിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകി പ്രദേശത്താകെ ദുർഗന്ധവുമുണ്ടായി. ഒരു കണ്ടെയ്നറിൽ 100 പെട്ടി മീനും മറ്റൊന്നിൽ 64 പെട്ടി മീനുമാണുള്ളത്. ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ മീനിന്‍റെ സാന്പിൾ പരിശോധനയ്ക്കെടുത്തു.

ചെറുവാഹനങ്ങളെത്തി രണ്ട് കണ്ടെയ്നറുകളിൽ നിന്നും രാവിലെ വരെ മീൻ കൊണ്ടുപോയിരുന്നുവെന്നാണ് വിവരം. ആരാണ് കൊച്ചിയിലേക്ക് ആന്ധ്രയിൽ നിന്ന് മീൻ കൊണ്ടുവന്നതെന്ന് വ്യക്തമല്ല. രണ്ട് കണ്ടെയ്നറുകളിലെയും ഡ്രൈവ‍ർമാരെയും കണ്ടെത്തായിട്ടില്ല. ബഹളമായതോടെ ഇവർ ഇവിടെ നിന്ന് നീങ്ങി നിൽക്കുന്നതായാണ് നിഗമനം. നടപടിക്രമങ്ങൾ പൂർത്തിയായാൽ നഗരസഭയുടെ മേൽനോട്ടത്തിൽ ചീഞ്ഞ മീൻ സംസ്കരിക്കും.

പുഴുവരിച്ച മീൻ പിടികൂടിയതിൽ ഭക്ഷ്യസുരക്ഷ വകുപ്പ് അന്വേഷണം തുടങ്ങി. ആന്ധ്രയിൽ നിന്നാണ് ആരാണ് മീൻ കൊണ്ടുവന്നതെന്നും ആർക്കൊക്കെ വിറ്റുവെന്നുമാണ് പ്രധാനമായും തേടുന്നത്. ആറായിരം കിലോ ചീഞ്ഞ മീനാണ് മരടിൽ നിന്ന് മാത്രം പിടികൂടിയത്. മീൻ കൊണ്ടുവന്ന രണ്ട് കണ്ടെയ്നറുകളും ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. വാഹന ഉടമകളുടെ വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. വാഹനം വിട്ടുകിട്ടണമെങ്കിൽ ഉടമകൾ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. പഴകിയ മീൻ പിടികൂടിയതിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് മരട് നഗരസഭ അധികൃതർ അറിയിച്ചു. 

'പഴയ റോഷി ഇങ്ങനായിരുന്നില്ല, ആളാകെ മാറിപ്പോയി; കുഴപ്പം അപ്പുറത്തായതിന്റെയോ മന്ത്രിയായതിന്റെയോ'? : സതീശൻ
 

Follow Us:
Download App:
  • android
  • ios