കണ്ണൂർ: കൊവിഡ് വൈറസ് വ്യാപന ഭീതിക്കിടെ കണ്ണൂർ അഴീക്കലിലേക്ക് രണ്ട് വിദേശ ചരക്ക് കപ്പലുകൾ അടുക്കുന്നു. നാട്ടുകാർക്ക് വലിയ ആശങ്കയാണ് ഇതേക്കുറിച്ച് ഉയർന്നിരിക്കുന്നത്. അഴീക്കൽ സിൽക്കിലെ കപ്പൽ പൊളി ശാലയിലേക്കാണ് കപ്പലുകൾ എത്തിയത്. ഈ കപ്പലിൽ മാലിദ്വീപിൽ നിന്നുള്ളവരും ഉണ്ടെന്നതാണ് ആശങ്ക വർധിക്കാൻ കാരണം. ഇതോടെ കപ്പൽ പൊളി ശാലയിലേക്ക് രണ്ട് കപ്പലുകളും അടുപ്പിക്കരുതെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.

കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ അടക്കമുള്ള മറ്റ് ചില ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജില്ലയിൽ പത്ത് പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് ബാധിത ജില്ലകളിൽ പൂര്‍ണ്ണ ലോക് ഡൗൺ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അതേ സമയം ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് ചേര്‍ന്ന ഉന്നത തല യോഗം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. 

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി ഭാഗികമായി അടച്ചിരിക്കുകയാണ്. സുപ്രീംകോടതിയിൽ അത്യാവശ്യ കേസുകൾ വീഡിയോ കോണ്‍ഫറൻസിംഗ് വഴി നടത്തും. കേരള ഹൈക്കോടതിയിൽ അടിര പ്രാധാന്യമുളള കേസുകൾ കേൾക്കുക രണ്ട് ദിവസം മാത്രം.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക