Asianet News MalayalamAsianet News Malayalam

വന്യജീവി ആക്രമണത്തില്‍ രണ്ട് മരണം; കോഴിക്കോട് കര്‍ഷകനും തൃശൂരില്‍ സ്ത്രീയും കൊല്ലപ്പെട്ടു, ഹര്‍ത്താൽ 

കാട്ടുപോത്ത് ആക്രമണത്തില്‍ കക്കയത്ത് കര്‍ഷകൻ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആതിരപ്പിള്ളിയില്‍ നാളെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കരിദിനമായി ആചരിക്കും. കടകള്‍ അടച്ചിട്ടായിരിക്കും കരിദിനം ആചരിക്കുക.

Two killed in wild animal attack in state; Farmer in Kozhikode and woman killed in Thrissur, hartal in Koorachundu
Author
First Published Mar 5, 2024, 6:47 PM IST

കോഴിക്കോട്/തൃശൂര്‍: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകനും തൃശൂര്‍ പെരിങ്ങല്‍കുത്തിൽ കാട്ടാന ആക്രമണത്തില്‍ സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിലെ സ്ത്രീയെ ആണ് കാട്ടാന ചവിട്ടിക്കൊന്നത്. വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്‍റെ രാജന്‍റെ ഭാര്യ വത്സല (64) ആണ് മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഇവരുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. പോസ്റ്റ്മോർട്ടം ചാലക്കുടിയിൽ തന്നെ നടത്തണം, മതിയായ നഷ്ടപരിഹാരം വേണം, വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന ആദിവാസികൾക്ക് ആര്‍ആര്‍ടി സംരക്ഷണം വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചാലക്കുടി എം.പി ബന്നി ബഹ്നാൻ ,എം എൽ എ സനീഷ് കുമാർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിനിടെ, സംഭവത്തിഷ പ്രതിഷേധിച്ച് ആതിരപ്പിള്ളിയില്‍ നാളെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കരിദിനമായി ആചരിക്കും. കടകള്‍ അടച്ചിട്ടായിരിക്കും കരിദിനം ആചരിക്കുക.


കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകനാണ് മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാം എന്ന അവറാച്ചൻ ആണ് മരിച്ചത്. കക്കയം ഡാം  സൈറ്റിന്  സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് എബ്രഹാം മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെയും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.കോഴിക്കോടും തൃശൂരിലും വലിയ രീതിയിലുള്ള പ്രതിഷേധമാണ് രണ്ട് സംഭവങ്ങളിലായി ഉണ്ടായത്. കാട്ടുപോത്ത് ആക്രമണത്തില്‍ കക്കയത്ത് കര്‍ഷകൻ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കക്കയം ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

'കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം'; കര്‍ഷകന്‍റെ മരണത്തില്‍ അണപൊട്ടി പ്രതിഷേധം, സംഘര്‍ഷം

 

Latest Videos
Follow Us:
Download App:
  • android
  • ios