എലത്തൂരില്‍ വെള്ളിയാഴ്ച നടന്ന ആത്മഹത്യയുടെ ഞെട്ടല്‍ മാറും മുമ്പാണ് ഒരു മരണം കൂടെ സംഭവിച്ചത്. നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ വീട്ടുകാർ എത്തുകയായിരുന്നു. 

കോഴിക്കോട്: കോഴിക്കോട് രണ്ട് ദിവസങ്ങള്‍ക്കിടെ പതിനെട്ട് വയസ് മാത്രം പ്രായമുള്ള രണ്ട് യുവതികള്‍ ജീവനൊടുക്കിയതിന്‍റെ ഞെട്ടലില്‍ നാട്. ഉള്ളിയേരിക്ക് അടുത്ത് കന്നൂരിൽ ഇന്നലെയാണ് ഭര്‍ത്താവിന്‍റെ വീട്ടില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്‍റെ മകൾ അൽക്കയാണ് ഭര്‍ത്താവ് കന്നൂര്‍ എടച്ചേരി പുനത്തിൽ പ്രജീഷിന്‍റെ വീട്ടിൽ വച്ച് മരിച്ചത്. ഒന്നരമാസം മുൻപായിരുന്നു പ്രജീഷിന്‍റെയും അൽക്കയുടേയും വിവാഹം.

എലത്തൂരില്‍ വെള്ളിയാഴ്ച നടന്ന ആത്മഹത്യയുടെ ഞെട്ടല്‍ മാറും മുമ്പാണ് ഒരു മരണം കൂടെ സംഭവിച്ചത്. നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ വീട്ടുകാർ എത്തിയതോടെയാണ് കാര്യങ്ങള്‍ പുറത്ത് വന്നത്. കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്‍റെ ഭാര്യ ഭാഗ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാഗ്യയെ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചിരുന്നുവെന്ന് ഭാ​ഗ്യയുടെ കുടുംബം ആരോപിച്ചു.

പതിനെട്ടുകാരിയായ നവവധു ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ആറ് മാസം മുൻപായിരുന്നു ഭാഗ്യയും അനന്തുവും വിവാഹിതരായത്. വിവാഹശേഷം വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് ഭാഗ്യയുടെ ബന്ധുക്കല്‍ ആരോപിച്ചു. പ്ലസ് ടുവിന് പഠിക്കുന്നതിനിടെയാണ് അനന്തുവുമായി ഭാഗ്യ അടുപ്പത്തിലായത്. ഇതിനിടെ ഭാഗ്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ അനന്തുവിനെതിരെ എലത്തൂര്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

ഈ കേസിൽ അന്തു റിമാന്‍ഡിലായി. ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായത്. എന്നാൽ ഭർത്താവിന്റെ വീട്ടിൽ ഭാ​ഗ്യ പീഡനം നേരിട്ടെന്ന് ഇവർ പറയുന്നു. ഭാഗ്യയുടെ ഭര്‍ത്താവ് അനന്തു ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഭര്‍തൃവീടുകളില്‍ സംഭവിക്കുന്നതെന്ത്?

ഉത്രയും വിസ്മയുടെയും അടക്കം മരണങ്ങള്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ക്ക് ശേഷവും ഭര്‍തൃവീടുകളില്‍ നടക്കുന്ന വിഷയങ്ങളില്‍ പരിഹാരങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്. കൗമാരക്കാര്‍ക്കിടയിലെ വിവാഹവും വിവാഹത്തെത്തുടര്‍ന്നുള്ള ആത്മഹത്യകളും പെരുകുകയാണ്. വിവാഹ പൂര്‍വ കൗണ്‍സിലിംഗടക്കം സംസ്ഥാന വനിത കമ്മീഷന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കും കാര്യമായ മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.

കൗമാരക്കാ‍‍ർക്കിടയിൽ വിവാഹങ്ങളും ആത്മഹത്യകളും പെരുകുന്നു,കൗൺസിലിങ്ങടക്കം വനിത കമ്മിഷൻ പദ്ധതികൾ പേപ്പറിലൊതുങ്ങി

കൊവിഡ് കാലത്ത് നവമാധ്യമങ്ങള്‍ വഴിയുളള പരിചയവും സൗഹൃദങ്ങളും കൗമാര വിവാഹങ്ങള്‍ പെരുകാന്‍ കാരണമായെന്ന പരാതി വ്യാപകമെങ്കിലും ഇതു സംബന്ധിച്ച ആധികാരികമായ പഠനങ്ങളോ അന്വേഷണങ്ങളോ സംസ്ഥാനത്ത് നടന്നിട്ടില്ല. 19 വയസുവരെ പ്രായ പരിധിയിലുളള പെണ്‍കുട്ടികളുടെ ആത്മഹത്യകളുടെ പ്രധാന കാരണങ്ങളിലൊന്ന് നേരത്തയുളള വിവാഹമാണെന്നാണ് ദേശീയ തലത്തിലുളള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും സമാനമായ രീതിയില്‍ വിവാഹത്തെ തുടര്‍ന്നുളള ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഗൗരവകരമായ പഠനങ്ങളും ഇടപെടലുകളും വേണമെന്നാണ് ഉയരുന്ന ആവശ്യം.