ആദ്യം കോവിഡ് 19 ബാധയുണ്ടായ ഇറ്റാലിയന്‍ പ്രവാസി കുടുംബവുമായി ഇടപഴകിയവര്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചരിക്കുന്നത്.  

പത്തനംതിട്ട: ആശങ്കയേറ്റി പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം രോഗബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും വന്ന റാന്നി സ്വദേശികളുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ പത്തനംതിട്ട ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ഇറ്റലിയില്‍ നിന്നും വന്ന ദമ്പതികള്‍, ഇവരുടെ മകന്‍, അയല്‍വാസികളും ബന്ധുക്കളുമായി ഒരു സ്ത്രീയും പുരുഷനും എന്നീ അഞ്ച് പേര്‍ക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി അടുത്ത് ഇടപഴകിയവരില്‍ നിന്നും രോഗലക്ഷങ്ങള്‍ കണ്ടെത്തിയ 21 പേരെ കോഴഞ്ചേരി ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു ഇവരില്‍പ്പെട്ട രണ്ട് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 


നിലവില്‍ 21 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ രണ്ട് പേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ രണ്ട് പേരുമായി അടുത്തിടപഴകിയവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. 

പുതുതായി രോഗബാധ സ്ഥിരീകരിച്ച രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരൊടൊക്കെ ഇടപഴകി എന്നു കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി രോഗബാധ സ്ഥിരീകരിച്ചു കൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. നേരത്തെ എഴ് പേരടങ്ങിയ എട്ട് സംഘങ്ങളെ രോഗികള്‍ ഇടപെട്ടവരെ കണ്ടെത്താനായി നിയോഗിച്ചിരുന്നു. ഈ സംഘങ്ങളുടെ എണ്ണം 11 ആക്കി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് നൂഹ് വ്യക്തമാക്കി. നിലവില്‍ കോലഞ്ചേരി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് രോഗബാധ സ്ഥിരീകരിച്ചവര്‍ ഉള്ളത്. 

അതിനിടെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പിബി നൂഹ് വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ പേരിലടക്കം കോവിഡ് 19 വൈറസിനെ സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ നാല് പരാതികള്‍ താന്‍ പൊലീസിന് നല്‍കിയിട്ടുണ്ടെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. രോഗബാധിതരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും മ‍ഞ്ഞള്‍ കക്ഷായം, വെളുത്തുള്ളി കക്ഷായം എന്നീ മരുന്നുകള്‍ കൊറോണ വൈറസിന് നല്ലതാണെന്ന് പ്രചരിപ്പിച്ചതിനും, സൂര്യപ്രകാശത്തില്‍ നിന്നാല്‍ വൈറസ് വരില്ലെന്ന സന്ദേശം എന്നീ പ്രചരിപ്പിച്ച സംഭവങ്ങളിലാണ് ജില്ലാ കളക്ടര്‍ നേരിട്ട് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.