ആലപ്പുഴ: ആലപ്പുഴ വയലാറില്‍ കൊവിഡ് രോഗികളുടെ വീടാക്രമിച്ച രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു. വയലാർ സ്വദേശികളായ അനീഷ് ( 35), രജീഷ് ( 31)  എന്നിവരാണ് പിടിയിലായത്. ഇവർ കല്ലെറിയാൻ പോയ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ കൂടുതൽ പേർക്ക് രോഗം പകരാൻ ഇടയാക്കിയതിലെ വൈരാഗ്യം മൂലമാണ് ആക്രമണം നടത്തിയതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. 

വയലാറില്‍ കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. അഞ്ചാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച അമ്മയും മകനും  ആശുപത്രിയിലേക്ക് മാറാനായി ആംബുലൻസ് കാത്തിരിക്കുന്നതിനിടെ ആണ്  ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ സംഘം കല്ലെറിയുകയായിരുന്നു.