മെയ് 20 മുതൽ 26 വരെ പതിനാലോളം മോഷണമാണ് ഇവർ നടത്തിയത്.
തിരുവനന്തപുരം: തുണിക്കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ. ബീമാപള്ളി സ്വദേശി മുഹമ്മദ് സെയ്ദ് (20), ബാലരാമപുരം സ്വദേശി മുഹമ്മദ് അമീൻ (18) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. 26 ന് പുലർച്ചെ മുക്കോല-ഉച്ചക്കട റോഡിൽ പെട്രോൾ പമ്പിനു സമീപം റോയൽ മെൻസ് വെയർ റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് മോഷണ നടത്തിയ സംഭവത്തിലെ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് 14 ഓളം മോഷണ കേസുകൾക്ക് തുമ്പായത്.
പിടിയിലായ പ്രതികളിൽ ഒരാൾ മുക്കോലയിലെ തുണിക്കടയിലെ മോഷണ കേസിലെ പ്രതിയാണ്. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മെയ് 20 മുതൽ 26 വരെ പതിനാലോളം മോഷണമാണ് ഇവർ നടത്തിയത്. പ്രതികൾ മോഷണത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ നിന്നും ആദ്യം ഇരുചക്ര വാഹനം മോഷ്ടിക്കും ഇതിൽ സഞ്ചരിക്കുന്നതിനിടെ പെട്രോൾ തീർന്നാൽ ഈ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനം മോഷ്ടിച്ച് തുണിക്കടകൾ കേന്ദ്രീകരിച്ച് മാത്രം മോഷണം നടത്തുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച് കിട്ടുന്ന പണം കൊണ്ട് ആർഭാടജീവിതം നയിക്കുകയും തുണിത്തരങ്ങൾ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുകയുമാണ് ഇവര്‍ ചെയ്തിരുന്നത്. മോഷണ കേസിൽ പിടികൂടുന്നത് ആദ്യമാണ്. വിഴിഞ്ഞത്തും ബാലരാമപുരത്തും 4 കേസുകൾ വീതം ഉണ്ട്. കൂടാതെ, പാറശ്ശാല, തമിഴ്നാട് കളിയിക്കാവിള സ്റ്റേഷനുകളിൽ മോഷണത്തിന് കേസുണ്ട്. ഇവര്‍ മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവില്‍ റിമാൻഡ് ചെയ്തിരിക്കുകയാണ്.


