ഹയർ സെക്കണ്ടറി പരീക്ഷ ചോദ്യപ്പേപ്പർ ചോർത്താൻ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ രണ്ട് അധ്യാപകരെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു

തിരുവനന്തപുരം: ചോദ്യപ്പേപ്പർ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിന് പിന്നാലെ അധ്യാപകരെ സസ്പെൻ്റ് ചെയ്തു. അമരവിള എൽ.എം.എസ് എച്ച്.എസ് സ്കൂൾ പ്രിൻസിപ്പൽ റോയ് ബി ജോണിനെയും പേരിക്കോണം എൽ.എം.എസ് യു.പി സ്കൂൾ ഓഫീസ് അസിസ്റ്റന്റ് ലറിൻ ഗിൽബർടിനെയുമാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. അമരവിള എൽ.എം.എസ് എച്ച്.എസ്.എസിൽ, ചോദ്യപ്പേപ്പർ സൂക്ഷിച്ച മുറിക്കു സമീപം കഴിഞ്ഞ രാത്രി 10 മണിക്ക് ശേഷം പ്രിൻസിപ്പലിനെയും മറ്റു രണ്ട് പേരെയും സംശയകരമായ സാഹചര്യത്തിൽ കണ്ട സംഭവത്തിലാണ് നടപടി. 

നാട്ടുകാരാണ് സ്‌കൂൾ പ്രിൻസിപ്പൽ അടക്കമുള്ളവരെ വളഞ്ഞ് പിടികൂടി പൊലീസിൽ അറിയിച്ചത്. പ്രിൻസിപ്പൽ റോയ് ബി ജോണിന് പരീക്ഷാ ചുമതല ഉണ്ടായിരുന്നില്ല. ചോദ്യപ്പേപ്പർ സുരക്ഷക്കായി ലറിൻ ഗിൽബർട്ടിനെ അനധികൃതമായി റോയ് നിയമിച്ചതായാണ് വിവരം. ഇവർ രാത്രി സ്‌കൂളിലെത്തിയത് കണ്ട നാട്ടുകാരാണ് ഇവരെ വള‌ഞ്ഞ് പിടികൂടിയത്. പ്ലസ് ടു പരീക്ഷയുടെ ചോദ്യപ്പേപ്പർ മോഷ്ടിക്കാനാണ് ഇവർ സ്‌കൂളിലെത്തിയതെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചത്. ഈ സംഭവത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ നടപടിയെടുത്തത്.