കുടുങ്ങിയ ഇൻസ്ട്രക്ടറെയും കോയമ്പത്തൂർ സ്വദേശിയായ യുവതിയെയുമാണ് രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരം : തിരുവനന്തപുരം വർക്കല പാപനാശം ബീച്ചിൽ പാരാഗ്ലൈഡിംഗ് ഹൈമാസ്റ്റ് ലൈറ്റിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. ഒന്നര മണിക്കൂർ പോസ്റ്റിൽ കുടുങ്ങിക്കിടന്ന പാരാഗ്ലൈഡിംഗ് ഓപ്പറേറ്റർ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ് , കോയമ്പത്തൂർ സ്വദേശി പവിത്ര എന്നിവർക്കാണ് പരിക്കേറ്റത്. ഹൈമാസ്റ്റ് ലൈറ്റ് താഴെ ഇറക്കിയാണ് ഇരുവരേയും ഫയർ ഫോഴ്സും പൊലീസും ഉൾപ്പെടെയുള്ളവർ ചേർന്ന് താഴെ ഇറക്കിയത്. 

ഇതിനിടെ സുരക്ഷാ ബെൽറ്റുകളും കേബിളുകളും പൊട്ടി ഇരുവരും താഴെ ഫയർഫോഴ്സ് ഒരുക്കിയ വലയിലേക്ക് വീഴുകയായിരുന്നു. സന്ദീപിന്റെ കാലിനും പവിത്രയുടെ കഴുത്തിനുമാണ് പരിക്കേറ്റത്. സന്ദീപ് ഉൾപ്പെടെ പാരാഗ്ലൈഡിംഗുമായി ബന്ധപ്പെട്ട നാലു പേർ പൊലീസ് കസ്റ്റഡിയിലാണ്. പ്രാഥമിക പരിശോനയിൽ മുനിസിപ്പാലിറ്റിയുടെ അനുമതിയും ടൂറിസം വകുപ്പിന്റെ ലൈസൻസും ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ

വർക്കല പാരഗ്ലൈഡിംഗ് അപകടത്തിൽ പ്രതികരിച്ച് ഒപ്പറേറ്റർ സന്ദീപ്. ആറു വർഷമായി പാരഗ്ലൈഡിംഗ് ട്രെയിനിംഗ് നൽകി വരുന്നുണ്ട്. വർക്കലയിൽ ഈ വർഷം മുതലാണ് എത്തിയത്. നഗരസഭയുടേത് ഉൾപ്പടെ എല്ലാ ലൈസൻസും ഉണ്ട്. വിപരീത ദിശയിൽ കാറ്റ് വീശിയതാണ് അപകടകാരണമെന്നും സന്ദീപ് പറഞ്ഞു. ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചു. തനിക്കും മുറിവേറ്റിട്ടുണ്ട്. സാങ്കേതികമായി ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാം കൈ കൊണ്ട് നിയന്ത്രിക്കേണ്ടതാണെന്നും സന്ദീപ് പ്രതികരിച്ചു. 

Read More : വർക്കലയിൽ പാരഗ്ലൈഡിംഗിനിടെ അപകടം, രണ്ട് പേർ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി