ഇടുക്കിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്.

ഇടുക്കി: ഇടുക്കിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവർക്കാണ് ജീവൻ നഷ്ടമായത്. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. യുവാക്കളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പാലക്കാട് അപകടത്തിൽ സ്ത്രീ മരിച്ചു

പാലക്കാട് കല്ലടിക്കോട് ഇരുചക്രവാഹനവും കാറും ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. കളപ്പാറ സ്വദേശിനി ലിസി തോമസാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പാലക്കാട് കല്ലടിക്കോട് ചുങ്കത്ത് അപകടം നടന്നത്. ദേശീയപാതയിലേക്ക് കയറുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാറിടിച്ച് ഇരുചക്രവാഹനം മറിഞ്ഞു. ദേശീയപാതയിലേക്ക് തെറിച്ചുവീണ ലിസിയുടെ ശരീരത്തിൽ എതിർദിശയിൽ വന്ന പിക്കപ്പ് വാൻ കയറിയിറങ്ങി ഗുരുതര പരിക്കേറ്റു. ലിസി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഓടിച്ചിരുന്ന മകൻ ടോണി തോമസിനും അപകടത്തിൽ പരിക്കേറ്റു. കാർ നിയന്ത്രണംവിട്ട് റോഡിന് വശത്തെ കുഴിയിലേക്ക് വീണു. കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കുണ്ട്.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News