നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. ജീവനക്കാർ പണം എടുത്തതായി സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കൃഷ്ണകുമാറിന്‍റെ കുടുംബം. മകളുടെ കടയിലെ ജീവനക്കാർ പണം എടുത്തതായി സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. 40,000 രൂപ വരെ ഒരാൾ എടുത്തെന്ന് ജീവനക്കാർ സമ്മതിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇത്. കൃഷ്ണകുമാറിന്‍റെ മകളായ അഹാനയുടെ നേതൃത്വത്തിൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യം. ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ അഹാന ചോദിക്കുന്നുണ്ട്. നികുതി വെട്ടിക്കാൻ ദിയ പറഞ്ഞിട്ടാണ് പണം മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ വാദം. കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ദുവാണ് ദൃശ്യം യൂട്യൂബിലൂടെ പുറത്തുവിട്ടത്.

നേരത്തെ, സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടൻ കൃഷ്ണകുമാറിന്‍റെ മകളുമായ ദിയ കൃഷ്ണ രംഗത്ത് വന്നിരുന്നു. തട്ടിപ്പിനിരയായവർ തെളിവുകൾ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു. തട്ടിപ്പിനിരയായവര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിൽ കേസ് നൽകണമെന്നും ലൈവിൽ പറഞ്ഞു.

തന്‍റെ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ അവരുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം കൈപറ്റിയതിനുള്ള തെളിവടക്കം കൈവശമുണ്ട്. പൊലീസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് പിന്നാലെ ആരോപണവിധേയരായ മൂന്നുപേരും ദിയ കൃഷ്ണക്കും കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയിട്ടുണ്ട്.

തന്‍റെ കമ്പനിക്ക് നൽകേണ്ട പണമാണ് ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ട് അവര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് തിരിമറി ചെയ്തിരിക്കുന്നതെന്നും ഇതിൽ നീതി എത്രയും വേഗം ലഭിക്കാൻ തട്ടിപ്പിനിരയായവര്‍ കൂടെ നിൽക്കണമെന്നും ദിയ കൃഷ്ണ പറഞ്ഞു. തനിക്ക് തരേണ്ട പണമാണ് അവര്‍ തട്ടിയെടുത്തത്. shomsmtvm.pol@kerala.gov.in എന്ന മ്യൂസിയം പൊലീസ് സ്റ്റേഷനിലെ മെയിൽ ഐഡി അടക്കം പങ്കുവെച്ചുകൊണ്ടാണ് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമിൽ ലൈവ് വീഡിയോ ഇട്ടിരിക്കുന്നത്.

എന്നാല്‍, നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരായ പരാതിയിൽ കൂടുതല്‍ ആരോപണങ്ങളുമായി ദിയയുടെ സ്ഥാപനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരികളും രംഗത്ത് വന്നു. രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയെന്ന് പരാതിക്കാരായ യുവതികൾ പറയുന്നു. ഫോണുകൾ ബലമായി പിടിച്ചുവാങ്ങുകയും മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തു. പൊലീസ് ഉദ്യോ​ഗസ്ഥൻ എന്ന പേരിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്നും യുവതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലമാണെന്നും യുവതികൾ പറയുന്നു. ജാതീയമായി അധിക്ഷേപിക്കാറുണ്ടെന്നും ഇവർ ആരോപിക്കുന്നു.