Asianet News MalayalamAsianet News Malayalam

യുഎപിഎ കേസ്; പ്രതികളിലൊരാളെ അഞ്ച് വർഷമായി നിരീക്ഷിക്കുന്നതായി പൊലീസ്, പന്തീരാങ്കാവിൽ ഉന്നതതല യോഗം

പ്രതികളിൽ ഒരാളെ അഞ്ച് വർഷമായി നിരീക്ഷിക്കുന്നതായി പൊലീസ്. മെമ്മറി കാർഡ്, ലാപ്ടോപ് ഉൾപ്പെടെയുള്ള തെളിവുകളുണ്ടെന്നും ഇത് പരിശോധിച്ച ശേഷമാകും കൂടുതൽ നടപടിയെന്ന് പൊലീസ് അറിയിച്ചു.

uapa arrest high level meeting pantheerankavu police station
Author
Kozhikode, First Published Nov 3, 2019, 5:47 PM IST

കോഴിക്കോട്: യുഎപിഎ കേസുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് സ്റ്റേഷനിൽ ഉന്നതതല യോഗം. കമ്മീഷണർ സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ട് പ്രതികളിൽ ഒരാളെ അഞ്ച് വർഷമായി നിരീക്ഷിക്കുന്നതായി പൊലീസ് പറയുന്നു. മെമ്മറി കാർഡ്, ലാപ്ടോപ് ഉൾപ്പെടെയുള്ള തെളിവുകളുണ്ടെന്നും ഇത് പരിശോധിച്ച ശേഷമാകും കൂടുതൽ നടപടിയെന്ന് പൊലീസ് അറിയിച്ചു. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകിയേക്കില്ല എന്നാണ് വിവരം. പ്രതികൾ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകുന്നെന്ന് പൊലീസ് പറയുന്നു.

കോഴിക്കോട് പന്തീരാങ്കാവിൽ സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരായ അലൻ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇരുവരുടേയും നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. 

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയടക്കം മുന്നോട്ടു പോകുന്നതിനിടെയാണ് രണ്ട് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. സിപിഐയും പ്രതിപക്ഷ സംഘടനകളും സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനവുമായി അറസ്റ്റിലായ രണ്ട് പേര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അട്ടപ്പാടി സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതു മാത്രമല്ല ഇവര്‍ നാളുകളായി ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്. 

പിടിയിലായത് നഗരത്തിൽ മാവോയിസ്റ്റ് പ്രവ‍ർത്തനം നടത്തിയവരാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവർ പ്രവർത്തിച്ചു. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാൾ കോഴിക്കോട് സ്വദേശിയാണെന്നും ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടുതൽ പേരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Also Read: യുഎപിഎ അറസ്റ്റ്: നഗര മാവോയിസ്റ്റുകളെന്ന് പൊലീസ്, പ്രതികൾക്കുള്ള നിയമസഹായത്തിൽ സിപിഎമ്മിൽ തര്‍ക്കം

Follow Us:
Download App:
  • android
  • ios