തിരുവനന്തപുരം: അലനും താഹയ്ക്കും എതിരായ യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാന പൊലീസിന് തന്നെ കേസ് തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. പ്രതിപക്ഷത്തിന്‍റെ കൂടി അഭിപ്രായം മാനിച്ചാണ് കത്ത് നൽകിയതെന്ന് പിണറായി നിയമസഭയിൽ പറഞ്ഞു.

ഇന്നലെ അലനും താഹയ്ക്കും എതിരായ യുഎപിഎ കേസിൽ സംസ്ഥാനം ഇടപെടണമെന്നാവശ്യപ്പെട്ടുള്ള എം കെ മുനീറിന്‍റെ അടിയന്തരപ്രമേയത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് ക്ഷുഭിതനായിട്ടാണ്. അമിത് ഷായുടെ മുന്നിൽ കത്തും കൊണ്ട് പോകണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് കയർത്തു: ''യുഎപിഎ കേസ് സർക്കാർ പരിശോധിക്കുന്നതിന് മുമ്പ് തന്നെ എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഇത് സംസ്ഥാനസർക്കാർ അറിഞ്ഞിട്ടില്ല. ഏത് മക്കൾ ജയിലിലായാലും അച്ഛനമ്മമാർക്ക് ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണ്. കാര്യങ്ങളെല്ലാം അലന്‍റെയും താഹയുടെയും കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എൻഐഎ നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ച് കേസ് കേരള പൊലീസ് തിരിച്ച് ഏറ്റെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നായിരുന്നു അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്‍റെ ആവശ്യം. കോഴിക്കോട് സൗത്ത് എംഎൽഎ കൂടിയാണ് എം കെ മുനീർ. 

Read more at: പന്തീരാങ്കാവ് കേസില്‍ കത്തുമായി അമിത്ഷായുടെ മുന്നില്‍ പോകണോയെന്ന് മുഖ്യമന്ത്രി, തിരിച്ചടിച്ച് ചെന്നിത്തല

സിപിഎം പ്രവർത്തകരായ അലനും താഹയും നാല് മാസം മുമ്പാണ് കോഴിക്കോട്ട് നിന്ന് അറസ്റ്റിലാവുന്നത്. അർദ്ധരാത്രി പൊലീസെത്തി ഇരുവരെയും വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവോയിസ്റ്റ് അനുകൂല പ്രവർത്തനങ്ങൾ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാൻ എന്നയാളുമായി ഇരുവരും സംസാരിച്ച് നിൽക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോൾ മൂന്നാമനായ ഉസ്മാൻ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് ആരോപിച്ചു. ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗിൽ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകൾ കണ്ടെടുത്തു എന്നുമാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ഇവരുടെ അറസ്റ്റ് കേരളത്തിൽ വലിയ രാഷ്ട്രീയ കോലാഹലമാണുണ്ടാക്കിയത്. 

സിപിഎം പ്രാദേശിക ഘടകം കേസിൽ അലനും താഹയ്ക്കും ഒപ്പം നിന്നെങ്കിലും 'ഇവർ മാവോയിസ്റ്റുകൾ തന്നെ'യെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായി. 'ചായ കുടിക്കാൻ പോയപ്പോഴല്ല ഇവരെ അറസ്റ്റ് ചെയ്ത'തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ കടുത്ത പ്രതികരണവുമായി താഹയുടെ കുടുംബവും സിപിഎം പ്രവർത്തകരായ അലന്‍റെ കുടുംബവും രംഗത്തെത്തി. 

പ്രതിപക്ഷം പിന്നീട് ഈ സമരം ഏറ്റെടുത്തു. അലന്‍റെയും താഹയുടെയും വീടുകളിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശനം നടത്തി. ഇതോടെ സിപിഎം പ്രതിരോധത്തിലായി. അലനെയും താഹയെയും സിപിഎമ്മിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും, അവർ മാവോയിസ്റ്റുകളാണോ അല്ലയോ എന്നത് അവരോട് ചോദിച്ചാലല്ലാതെ പറയാനാകില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത് പാർട്ടിയിലെ ഭിന്നസ്വരത്തിന്‍റെ തെളിവായി. അതേസമയം, പാർട്ടി പ്രവർത്തനത്തിന്‍റെ മറവിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് കുട പിടിക്കുകയായിരുന്നു അലനെന്ന പി ജയരാജന്‍റെ പ്രസ്താവനയും വിവാദമായി.